എക്‌സാലോജിക് – സിഎംആർഎൽ (കൊച്ചിൻ മിനറൽ ആൻ്റ് റൂടെയ്ൽ ലിമിറ്റഡ്) ഇടപാട് സംബന്ധിച്ച അന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ സത്യവാങ്മൂലം ഫയൽ ചെയ്യാൻ എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) ക്ക് 10 ദിവസത്തെ സമയം ഡൽഹി ഹൈക്കോടതി അനുവദിച്ചു.
അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി ഡിസംബർ നാലിലേക്ക് മാറ്റി. എന്നാൽ ഹർജിയിൽ തീരുമാനം ഉടൻ ഉണ്ടാകണമെന്ന് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ തീർപ്പ് ഉണ്ടാകുന്നത് വരെ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ എസ്എഫ്ഐഒയെ അനുവദിക്കരുതെന്ന് സിഎംആർഎൽ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണവുമായി മുന്നോട്ട് പോകാൻ എസ്എഫ്ഐഒക്ക് ഡൽഹി ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സിഎംആർഎൽ ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും വീണ വിജയൻ ഉൾപ്പടെ ഇടപാടുമായി ബന്ധപ്പെട്ട പലരുടെയും മൊഴി എസ്എഫ്ഐഒ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിരുന്നു. ഹർജി ഇന്ന് പരിഗണനയ്ക്ക് എടുത്തപ്പോഴാണ് ഇക്കാര്യത്തിൽ തീരുമാനം വൈകരുതെന്ന് സിഎംആർഎൽ കോടതിയിൽ ആവശ്യപ്പെട്ടത്.
Discussion about this post