ട്വന്റി20-യിൽ തുടർച്ചയായ രണ്ടാംമത്സരത്തിലും സെഞ്ചുറി നേടി സഞ്ജു പുതിയ റെക്കോഡ് കുറിച്ചു. ട്വന്റി-20 യിൽ തുടർച്ചയായി സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻതാരമെന്ന റെക്കോഡാണ് സഞ്ജു സാംസൺ സ്വന്തമാക്കിയത്. കൂടാതെ ട്വന്റി20-യിൽ തുടർച്ചയായി സെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് സഞ്ജു. ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട്, സൗത്ത് ആഫ്രിക്കയുടെ റിലീ റോസോ, ഫ്രാൻസിന്റെ ഗുസ്താവ് മക്കിയോൺ എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയവർ.
ഡർബനിൽ സൗത്ത് ആഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് സഞ്ജു സാംസൺ തന്റെ തുടർച്ചയായ രണ്ടാം സെഞ്ചുറി നേടിയത്. 47 പന്തിലായിരുന്നു സഞ്ജുവിന്റെ സെഞ്ചുറി നേട്ടം. 50 പന്തിൽനിന്ന് ഏഴു ബൗണ്ടറികളും പത്ത് സിക്‌സറും നേടി 107 റൺസെടുത്താണ് സഞ്ജു പുറത്തായത്.
ഒപ്പമുള്ളവരിൽ ഏറിയ പങ്കും ദക്ഷിണാഫ്രിക്കൻ ബോളിങ് ആക്രമണത്തിനു മുന്നിൽ പതറിയപ്പോഴാണ്, എതിർ ടീം ബോളർമാരെ സഞ്ജു തന്റെ ബാറ്റിംഗ് മികവിനാൽ ഞെട്ടിച്ചത്. സഞ്ജുവിനു പുറമേ ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേർ മാത്രമാണ്. തിലക് വർമ 18 പന്തിൽ 33 റൺസും, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 17 പന്തിൽ 21 റൺസും, റിങ്കു സിങ് 10 പന്തിൽ 11 റൺസും നേടി.
ടീമിനായി രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനൊപ്പം 35 പന്തിൽ 66 റൺസും, മൂന്നാം വിക്കറ്റിൽ തിലക് വർമയ്‌ക്കൊപ്പം 34 പന്തിൽ 77 റൺസെടുത്തും സഞ്ജു അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തു.
ഒക്ടോബർ 13-ന് ഹൈദരാബാദിൽ ബംഗ്ലാദേശിനെതിരേ നടന്ന ട്വന്റി20 മത്സരത്തിലും സഞ്ജു സെഞ്ചുറി നേടിയിരുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാനമത്സരത്തിൽ 40 പന്തിൽനിന്നാണ് സഞ്ജു നൂറടിച്ചത്. മത്സരത്തിൽ 47 പന്തിൽനിന്ന് 111 റൺസാണ് സഞ്ജു നേടിയത്. ഓരോവറിൽ അഞ്ച് സിക്‌സും നേടി സഞ്ജു കാണികളെ ത്രസിപ്പിച്ചു.
ഇന്ത്യൻക്രിക്കറ്റിൽ സഞ്ജു സാംസൺ എന്ന പേര് അടയാളപ്പെടുത്തുന്ന തകർപ്പൻ പ്രകടനത്തിനൊപ്പം ട്വന്റി20-യിൽ തുടർച്ചയായി സെഞ്ചുറി നേടുന്ന ആദ്യഇന്ത്യൻ താരമെന്ന റെക്കോഡും നേടിയതോടെ അത് ആരാധകർക്കും ഇരട്ടിമധുരമായി.
Sanju Samson century, sets record.