തഹസിൽദാർ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് അഭ്യർത്ഥന നൽകി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. റവന്യൂ വകുപ്പിനാണ് മഞ്ജുഷ അപേക്ഷ നൽകിയത്. നിലവിൽ കോന്നി തഹസിൽദാറായ തനിക്ക് തതുല്യമായ മറ്റ് തസ്തിക അനുവദിക്കണമെന്നാണ് അവരുടെ അപേക്ഷ.
അതേസമയം, പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ അഭിഭാഷകരുമായി കൂടിയാലോചിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് നവീൻബാബുവിന്റെ കുടുംബത്തിൻ്റെ തീരുമാനം. പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് മഞ്ജുഷ പ്രതികരിച്ചിരുന്നു. നീതി ലഭിക്കുന്നതിന് ആവശ്യമെങ്കിൽ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും വരെ സമീപിക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം.
യാത്രയയപ്പ് ചടങ്ങിലെ പി പി ദിവ്യയുടെ പ്രസംഗം നവീൻ ബാബുവിന്റെ ആത്മഹത്യക്ക് കാരണമായി എന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിനുള്ള തെളിവുകൾ ഹാജരാക്കാൻ ആയിരിക്കും മഞ്ജുഷയുടെ അഭിഭാഷകന്റെ ശ്രമം. ഒപ്പം കണ്ണൂർ കലക്ടറുടെ മൊഴി കളവാണെന്ന് തെളിയിക്കാനും അഭിഭാഷകൻ ശ്രമിക്കും. യാത്രയപ്പ് ചടങ്ങിന് ശേഷം നവീൻ ബാബു കളക്ടറെ കണ്ട് സംസാരിച്ചത് ആ ചടങ്ങിൽ സംഭവിച്ച കാര്യവുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. തനിക്ക് തെറ്റുപറ്റി എന്ന് നവീൻ ബാബു പറഞ്ഞതായുള്ള കളക്ടറുടെ മൊഴിയുടെ പൂർണ്ണമായ തെളിവ് കോടതിയിൽ ഹാജരാക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞിരുന്നില്ല.
Discussion about this post