എൽ.ഡി.എഫിന് സ്‌ക്വാഡുകളുണ്ട്; കള്ളപ്പണ ഇടപാടിൽ കൃത്യമായ വിവരം ലഭിക്കുമെന്ന് പി സരിൻ

Sarin p

കള്ളപ്പണവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റേയും ബി.ജെ.പിയുടേയും ഇടയിൽ നടക്കുന്ന കൈമാറ്റങ്ങൾ കണ്ടെത്താൻ എൽ.ഡി.എഫിന് സ്‌ക്വാഡുകളുണ്ടെന്ന് പാലക്കാട് എൽ.ഡി.എഫ് സ്ഥാനാർഥി ഡോ.പി.സരിൻ. അതുകൊണ്ട് തന്നെ വളരെ കൃത്യമായ വിവരം ലഭിക്കും. എവിടെ, എന്ത്, ആര് ചെയ്താലും അത് മനസ്സിലാവും. ഇതിനായി സി.സി.ടി.വിക്കുമപ്പുറം ജനങ്ങളുടെ അകക്കണ്ണ് എന്താണെന്ന് അറിയുന്ന എൽ.ഡി.എഫ് പ്രവർത്തകർ 24 മണിക്കൂറും ജാഗരൂകരാണെന്നും സരിൻ പറഞ്ഞു.

ബാഗിൽ കൊണ്ടുപോയതാണ് സി.സി.ടി.വിയിൽ വ്യക്തമായത്. അല്ലാതെ കൊണ്ടുപോയതും കിട്ടിയതും കൊടുത്തതുമൊക്കെ ചർച്ചയാകും. പണമൊഴുക്കി തുടങ്ങിയ ഒരു തിരഞ്ഞെടുപ്പായി ഇത് മാറിയെന്ന് മൂന്ന് ദിവസംമുമ്പ് താൻ സൂചിപ്പിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് ഇനി എന്തൊക്കെയാണ് പുറത്ത് വരാനുള്ളതെന്ന് ഓരോ ദിവസം കഴിയും തോറും കാണാമെന്നും സരിൻ പറഞ്ഞു.

‘ചാക്ക് വേണ്ട, പെട്ടിവേണ്ട, വികസനം മതി നന്മയുള്ള പാലക്കാടിന്’ എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് പാലക്കാട്ട് എൽ.ഡി.എഫ് നടത്തിയ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പി സരിൻ. കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറികളിൽ കഴിഞ്ഞദിവസം നടന്ന പോലീസ് റെയ്ഡും കൊടകര കേസും ഉയർത്തിക്കാട്ടി ചാക്കുകളും ട്രോളി ബാഗുമായിട്ടാണ് പാലക്കാട്ട് എൽഡിഎഫ് പ്രതിഷേധം നടത്തിയത്.

Exit mobile version