മുന്നേറി ട്രംപ്; പിന്നാലെ കമല ഹാരിസ്

American president election 2024 results

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് വൻ മുന്നേറ്റം. 230 ഇലക്ട്രൽ വോട്ടുകൾ നേടി ട്രംപ് അധികാരത്തിലേയ്ക്ക് അടുക്കുകയാണ്. എന്നാൽ 210 ഇലക്ട്രൽ വോട്ടുകളോടെ കമല ഹാരിസ് ട്രംപിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇപ്പോഴും അന്തിമ ഫലം പുറത്തുവന്നിട്ടില്ലാത്ത മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഫലങ്ങൾ തെരഞ്ഞെടുപ്പിൽ നിർണായകമാകും.

തെരഞ്ഞെടുപ്പിൽ ഏറെ നിർണായകമായി വിലയിരുത്തപ്പെട്ട സ്വിം​ഗ് സ്റ്റേറ്റുകളിൽ ട്രംപിന് നേട്ടമുണ്ടാക്കാൻ സാധിച്ചതാണ് മുന്നേറ്റത്തിന് കരുത്തായത്. ഏഴ് സ്വിം​ഗ് സ്റ്റേറ്റുകളിൽ ആറിടത്തും ട്രംപാണ് മുന്നിൽ. അരിസോന, മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ, ജോർജിയ, നോർത്ത് കാരലൈന എന്നിവിടങ്ങളിൽ ട്രംപ് മുന്നേറുകയാണ്. നോർത്ത് കാരോലൈനയിൽ ട്രംപ് വിജയം ഉറപ്പിച്ചു കഴിഞ്ഞെന്നാണ് പുറത്തുവരുന്ന സൂചനകൾ. മിഷിഗണിൽ കമല തുടക്കത്തിൽ മുന്നേറ്റം കാഴ്ചവച്ചെങ്കിലും പിന്നീട് ട്രംപ് അത് മറികടക്കുകയായിരുന്നു. നേവാഡയിലെ ഫലസൂചനകൾ ഇനിയും പുറത്തുവരാനുണ്ട്. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഒരു സ്ഥാനാർത്ഥിക്ക് 270 ഇലക്ടറൽ വോട്ടുകൾ വേണം.

വിജയിച്ചാൽ അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിത എന്ന ചരിത്ര നേട്ടമാണ് കമല ഹാരിസിനെ കാത്തിരിക്കുന്നത്. മറുഭാ​ഗത്ത്, 127 വർഷത്തിന് ശേഷം തുടർച്ചയായല്ലാതെ വീണ്ടും അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരികെ എത്തുന്ന വ്യക്തിയെന്ന നേട്ടമാണ് ട്രംപ് സ്വന്തമാക്കുക.

Exit mobile version