തിരുവനന്തപുരം: എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോർട്ട്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്ന് റവന്യു വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞുവെന്ന കളക്ടറുടെ മൊഴിയും റിപ്പോർട്ടിലുണ്ട്. എന്നാൽ എന്ത് ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് റവന്യൂ മന്ത്രി കെ രാജൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
തനിക്ക് മുന്നിൽ വരുന്ന ഫയലുകൾ വൈകിപ്പിച്ചിരുന്ന ആളല്ല നവീൻ ബാബുവെന്ന് റിപ്പോർട്ടിലുണ്ട്. ക്രമവിരുദ്ധമായി നവീൻ ബാബു ഒന്നും ചെയ്തിട്ടില്ല. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട വീഡിയോ മാധ്യമങ്ങൾക്ക് കൈമാറിയത് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണെന്നും ജോയിന്റ് കമ്മീഷണർ തയ്യാറാക്കിയ റിപ്പോർട്ടിലുണ്ട്. വീഡിയോ പകർത്തിയവരിൽ നിന്ന് ജോയിന്റ് കമ്മീഷണർ വിവരങ്ങളും ദൃശ്യങ്ങളുടെ പകർപ്പും ശേഖരിച്ചിരുന്നു. അന്വേഷണവുമായി ദിവ്യ സഹകരിക്കാത്തതിനാൽ അവരുടെ മൊഴി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നില്ല.
Discussion about this post