ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് വിജയ്. എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് നടനും തമിഴക വെട്രി കഴകം (ടിവികെ) പാർട്ടി അധ്യക്ഷനുമായ താരത്തിന്റെ ദീപാവലി ആശംസ. ‘ദീപാവലിയുടെ നിറഞ്ഞ വെളിച്ചത്തിൽ ഇരുട്ട് അകന്നുപോകട്ടെ. നല്ല പ്രഭാതം പ്രത്യക്ഷപ്പെടട്ടെ. എല്ലാ വീടുകളിലും സ്‌നേഹവും സമാധാനവും സമ്പത്തും നിലനിൽക്കട്ടെ. നമുക്ക് ദീപാവലി സുരക്ഷിതമായി ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്യാം. എല്ലാ ദീപാവലി ആശംസകളും നേരുന്നു’ – ഇങ്ങനെ വിജയ് എക്‌സിൽ കുറിച്ചു.
സിനിമ ജീവിതം അവസാനിപ്പിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങുന്ന വിജയ് തന്റെ സിനിമ കരിയറിലെ അവസാന ചിത്രത്തിന്റെ (ദളപതി 69) ഒരുക്കത്തിലാണ്. എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ദീപാവലിക്ക് പിന്നാലെ ആരംഭിക്കുമെന്നും വിജയ് നവംബർ നാലിന് സെറ്റിൽ ചേരുമെന്നുമാണ് റിപ്പോർട്ടുകൾ. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളതാണ് സിനിമ എന്നാണ് സൂചന. ചിത്രം 2025 ഒക്ടോബറിൽ തിയേറ്ററിലെത്തിക്കാനാണ് നീക്കം.
താരത്തിന്റെ തമിഴക വെട്രി കഴകം പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു നടന്നത്. വൻ ജനാവലിയെ സാക്ഷിയാക്കി വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലായിരുന്നു സമ്മേളനം നടന്നത്. ആക്ഷൻ സീനുകളിലൂടെ സിനിമാപ്രേമികളെ ത്രസിപ്പിച്ച തൊണ്ണൂറുകളിലെ ദളപതിയെ ഓർമിപ്പിക്കുംവിധം ആവേശസത്തിലാണ് തന്റെ രാഷ്ട്രീയപാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തിൽ വിജയ് സംസാരിച്ചത്.