കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യയ്‌ക്കെതിരായ സംഘടനാ നടപടി ഉടൻ ഉണ്ടാകില്ല. വിഷയം സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്തില്ല. ദിവ്യക്കെതിരെ തത്ക്കാലം നടപടി വേണ്ടെന്നാണ് പാർട്ടി തീരുമാനമെന്നാണ് സൂചന. ജില്ലാ സെക്രട്ടറിയേറ്റിൽ ഇന്ന് പതിവ് അജണ്ടകൾ മാത്രമാണ് ചർച്ചയായത്. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമുണ്ടായ ശേഷം നടപടി കൈക്കൊള്ളാമെന്നായിരുന്നു പാർട്ടി നേതൃത്വം മുൻപ് അറിയിച്ചിരുന്നത്. ദിവ്യയെ പൂർണമായി കൈവിടുന്ന സമീപനം പാർട്ടി സ്വീകരിക്കില്ലെന്ന് ഇതോടെ വ്യക്തമായി.
നവീന്റെ മരണത്തിന് ശേഷം ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെ ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. നവീനെതിരായി ദിവ്യ നടത്തിയത് ആസൂത്രിതമായ നീക്കമായിരുന്നുവെന്നും ഇത് ദിവ്യയുടെ ക്രിമിനൽ മനോഭാവം വെളിവാക്കുന്ന പ്രവൃത്തിയാണെന്നുമാണ് ദിവ്യയുടെ റിമാൻഡ് റിപ്പോർട്ടിലെ പരാമർശം. പി പി ദിവ്യ ഉന്നത നേതാവായതിനാൽ തന്നെ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. സാക്ഷികൾ പ്രതിയെ ഭയക്കുന്നുണ്ട്.
ദിവ്യയ്‌ക്കെതിരെ നിലവിൽ അഞ്ച് കേസുകളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. അന്വേഷണസംഘത്തോട് ദിവ്യ സഹകരിക്കുന്നില്ലെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം റിമാൻഡ് റിപ്പോർട്ടിലുമുണ്ട്. മറ്റൊരാളും ആശ്രയത്തിനില്ലാത്ത രണ്ട് പെണ്മക്കളുടെ ആശ്രയമായ ആളെ സമൂഹ മധ്യത്തിൽ ഇകഴ്ത്തി ആത്മഹത്യയിലേക്ക് നയിച്ചുവെന്ന കേസാണ് ദിവ്യയ്‌ക്കെതിരെയുള്ളത്. ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് സംഭവത്തിന്റെ സാക്ഷികളുടെ മൊഴികളിൽ നിന്ന് വ്യക്തമാണ്. താൻ ഇതുവഴി പോയപ്പോൾ പരിപാടി നടക്കുന്നത് അറിഞ്ഞ് വന്നതാണെന്ന് ദിവ്യ തന്നെ തന്റെ പ്രസംഗത്തിൽ സൂചിപ്പിക്കുന്നുമുണ്ട്. ദിവ്യ ഉപഹാരവിതരണത്തിൽ ഉൾപ്പെടെ പങ്കെടുക്കാത്തതും ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്. ദിവ്യ നിയമവ്യവസ്ഥയുമായി സഹകരിക്കാതെ ഇത്രയും കാലം ഒളിവിലായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
Discussion about this post