വൈകാരികമായ ഒരു സാഹചര്യത്തിൽ താൻ പാർട്ടി വിടും എന്ന പ്രസ്താവന നടത്തിയതാണെന്ന് സിപിഐഎം പാലക്കാട് ഏരിയ കമ്മറ്റി അംഗം അബ്ദുൽ ഷുക്കൂർ. ജില്ലാ സെക്രട്ടറിയുടെ ചില പരാമർശങ്ങൾ തന്നെ വേദനിപ്പിച്ചു. ആ വേദനയിൽ നിന്നാണ് പാർട്ടി വിടുന്നു എന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. നേതാക്കൾ സംസാരിച്ചപ്പോൾ കാര്യം മനസിലായി, ഇനി താൻ കടുത്ത പാർട്ടി പ്രവർത്തകനായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. സരിന്റെ വിജയത്തിന് വേണ്ടി അഹോരാത്രം പണിയെടുക്കുമെന്നും അബ്ദുൽ ഷുക്കൂർ വ്യക്തമാക്കി.
ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു വളരെ മോശമായി പെരുമാറുന്നുവെന്നും യോഗത്തിൽ വച്ച് തന്നെ അവഹേളിച്ചെന്നും വ്യക്തമാക്കിക്കൊണ്ടാണ് അബ്ദുൾ ഷുക്കൂർ പാർട്ടി വിടാൻ തീരുമാനിച്ചത്. എന്നാൽ പിന്നീട് പാർട്ടി നടത്തിയ തെരഞ്ഞടുപ്പ് കൺവെൻഷനിൽ അദ്ദേഹം പങ്കെടുക്കുകയായിരുന്നു. പാർട്ടിയിലെ തർക്കങ്ങൾ നേതൃത്വം ഇടപെട്ട് ചർച്ചയിലൂടെ പരിഹരിച്ചു. എൻ.എൻ.കൃഷ്ണദാസിനൊപ്പമാണ് ഷൂക്കൂർ വേദിയിലെത്തിയത്.