കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണം കേരളീയ സമൂഹത്തിന് അപമാനകരമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ഭരണത്തിന്റെ ധാർഷ്ട്യവും അഹങ്കാരവും ആണ് കാണുന്നതെന്നും അധികാരം കിട്ടിയാൽ അഹന്ത മൂക്കുമെന്നും പിഎംഎ സലാം പറഞ്ഞു. അധികാരം കിട്ടിയിൽ എല്ലാ നെറികേടും ചെയ്യുന്നു. നെറികേടുകൾക്ക് കൂട്ടുനിൽക്കാത്തവരെ നശിപ്പിക്കുന്നു. അതിൽ ഗവേഷണം നടത്തുകയാണ് സിപിഐഎം എന്നും പിഎംഎ സലാം പറഞ്ഞു.
അധികാരം കിട്ടിയാൽ ആളുകളെ കൊന്നൊടുക്കാനുള്ള അവകാശം ഉണ്ട് എന്ന രീതിയിലാണ് സിപിഐഎം നേതൃത്വം മുന്നോട്ട് പോകുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നവീൻ ബാബു ജീവനൊടുക്കിയ സംഭവമെന്ന് പിഎംഎ സലാം വിമർശിച്ചു.
നിലമ്പൂർ എംഎൽഎ പി വി അൻവർ മുസ്ലിം ലീഗിലേക്ക് വരുമോയെന്ന ചോദ്യത്തിന് ലീഗിലേക്ക് പുതിയ ആളുകളെ എടുക്കുന്നില്ലെന്നായിരുന്നു സലാമിന്റെ മറുപടി. നിലവിൽ 25 ലക്ഷം അംഗങ്ങൾ ലീഗിനുണ്ട്. പുതുതായി ആരെയും എടുക്കുന്നില്ല. മതനിരപേക്ഷ ഫാസിസ്റ്റ് വിരുദ്ധ ചേരിയിലേക്ക് വരുന്നുണ്ടോയെന്ന് അൻവർ ആദ്യം വ്യക്തമാക്കട്ടെ. ശേഷം മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കാം എന്നും പിഎംഎ സലാം വ്യക്തമാക്കി. ചേലക്കരയിലെ മുസ്ലിം ലീഗ് ഓഫീസിൽ അൻവറിന് സ്വീകരണം നൽകിയിട്ടില്ല. വോട്ട് ചോദിക്കാൻ മറ്റു രാഷ്ട്രീയ പാർട്ടികളുടെ ഓഫീസിൽ കയറാറുണ്ട്. അതിൽ തെറ്റില്ലെന്നും പിഎംഎ സലാം പറഞ്ഞു.
Discussion about this post