സംഘാടകന്‍ താനല്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതികരിച്ച് കണ്ണൂർ കളക്ടര്‍

Kannur Collector response abou naveen babu suicide issue

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതികരിച്ച് കളക്ടർ അരുൺ കെ വിജയൻ. മരണം നിർഭാഗ്യകരമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം താൻ ഉണ്ടാവുമെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. സംസ്‌കാര ചടങ്ങ് നടക്കുമ്പോൾ പത്തനംതിട്ടയിൽ പോയിരുന്നു. അന്വേഷണം നടക്കുന്നതിനാൽ കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതിൽ പരിമിധിയുണ്ട്. പരിപാടി നടത്തിയത് സ്റ്റാഫ് കൗൺസിലാണ്. അവരോട് ചോദിച്ചാൽ വ്യക്തമായ ഉത്തരം ലഭിക്കുമെന്നും കളക്ടർ വിശദീകരിക്കുന്നു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചത് കളക്ടറാണോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയിട്ടില്ല. പരിപാടിയുടെ സംഘാടകൻ താനല്ല എന്ന് മാത്രമായിരുന്നു മറുപടി. ഇക്കാര്യം മാധ്യമങ്ങൾ ആവർത്തിച്ചെങ്കിലും കളക്ടർ പ്രതികരിക്കാൻ കൂട്ടാക്കിയില്ല. നവീന്റെ കുടുംബത്തിന് അയച്ച കത്ത് കുറ്റസമ്മതമല്ലെന്നും കളക്ടർ പ്രതികരിച്ചു. നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കളക്ടർക്കെതിരെയും ആരോപണം ശക്തമാവുന്നതിനിടെയാണ് ഇപ്പോഴുള്ള പ്രതികരണം.

അതിനിടെ സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് റവന്യൂ വകുപ്പ് ഉത്തരവിട്ടു. ലാന്റ് റവന്യു ജോയിന്റ് കമ്മീഷണർ എ ഗീത ഐഎഎസിനാണ് ചുമതല. പെട്രോൾ പമ്പിന് എൻഒസി നൽകിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് ഉത്തരവില പറയുന്നത്. കണ്ണൂർ കളക്ടർ അരുൺ വിജയനെതിരെ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീതയ്ക്ക് അന്വേഷണത്തിനുള്ള ചുമതല കൈമാറിയത്. നേരത്തെ കണ്ണൂർ കളക്ടർക്കായിരുന്നു ഇതിന്റെ അന്വേഷണ ചുമതല.

Exit mobile version