കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഈ മാസം 14-ന് രാവിലെയാണ് യാത്രയയപ്പിനെ പറ്റി അറിയുന്നതെന്നും കളക്ടർ ക്ഷണിച്ചത് പ്രകാരമാണ് യോഗത്തിൽ എത്തിയതെന്നും ഹർജിയിൽ പറയുന്നു. പ്രസംഗം സദുദ്ദേശത്തോടെ ആയിരുന്നുവെന്നും ദിവ്യ പറഞ്ഞു.
നവീൻ ബാബുവിനെതിരെ കൂടുതൽ ആരോപണങ്ങൾ ഹർജിയിൽ ദിവ്യ ഉന്നയിക്കുന്നുണ്ട്. ഫയലുകൾ വെച്ചു താമസിപ്പിക്കുന്നു എന്ന പരാതി നേരത്തെയും നവീനെതിരെയുണ്ട്. പ്രശാന്തൻ മാത്രമല്ല, ഗംഗാധരൻ എന്നയാളും തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ദിവ്യ ജാമ്യാപേക്ഷയിൽ പറയുന്നു. ഫയൽ നീക്കം വേഗത്തിൽ വേണമെന്ന് ചൂണ്ടിക്കാട്ടുകയാണ് താൻ ചെയ്തത്. അന്വേഷണത്തിൽ നിന്ന് താൻ ഒളിച്ചോടില്ലെന്നും ദിവ്യ പറഞ്ഞു.