തോൽക്കുക മാങ്കൂട്ടമല്ല, രാഹുൽ ഗാന്ധി; തീരുമാനം പുനഃപരിശോധിക്കണമെന്ന് പി സരിൻ

P Sarin against Palakkad candidate selection

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പരസ്യമാക്കി കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ ഡോ. പി സരിൻ. പാർട്ടി കുറച്ച് ആളുകളുടെ ആവശ്യത്തിന് വഴങ്ങരുതെന്നും വഴങ്ങിയാൽ ഹരിയാന ആവർത്തിക്കുമെന്ന് സരിൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. യഥാർത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഉൾപാർട്ടി ജനാധിപത്യവും ചർച്ചകളും വേണമെന്നുമാണ് സരിൻ ആവശ്യപ്പെടുന്നത്. ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും താൻ ലെഫ്റ് അടിച്ചിട്ടില്ലെന്നും സരിൻ വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിനെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തിൽ പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ നിലപാട് വ്യക്തമാക്കുകയിരുന്നു പി സരിൻ. സ്ഥാനാർത്ഥി നിർണയത്തിൽ പുനപരിശോധന വേണമെന്ന് എ.ഐ സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്ത് അയച്ചിരുന്നു. നേതൃത്വത്തിന് തിരുത്താൻ ഇനിയും സമയമുണ്ടെന്നും സരിൻ പറയുന്നു.

തീരുമാനം പുനഃപരിശോധിച്ചില്ല എങ്കിൽ തോൽക്കുക രാഹുൽ മാങ്കൂട്ടമല്ല, രാഹുൽ ഗാന്ധിയായിരിക്കുമെന്നും സരിൻ പറഞ്ഞു. സി.പി.എം ഒരു കുറ്റിച്ചൂലിനെ നിർത്തിയാലും പ്രവർത്തകർ ജയിപ്പിക്കും. അത് അവരുടെ കെട്ടുറപ്പാണെന്നും സരിൻ കൂട്ടിച്ചേർത്തു. കോൺഗ്രസ് പാർട്ടി നേതൃത്വം കാണിക്കുന്നത് തോന്നിവാസമാണെന്നും സരിൻ കുറ്റപ്പെടുത്തി. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്നും സരിൻ വ്യക്തമാക്കി. പാർട്ടി തീരുമാനങ്ങളുടെ രീതി മാറിയെന്നും സരിൻ കുറ്റപ്പെടുത്തി. എല്ലാവരും ചേർന്നെടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നും സരിൻ വരാത്ത സമ്മേളനത്തിൽ വിശദമാക്കി.

Exit mobile version