തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ മാപ്പുപറഞ്ഞ് പിവി അൻവർ എംഎൽഎ. തനിക്ക് നാക്കുപിഴവ് സംഭവിച്ചതാണെന്ന് അൻവർ ഫെയ്‌സ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു.
‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ മറുപടി കൊടുക്കും’ എന്ന് മാധ്യമങ്ങളോട് നടത്തിയ പരാമർശത്തിലാണ് അൻവർ മാപ്പുപറഞ്ഞത്.
‘നിയമസഭ മന്ദിരത്തിന് മുന്നിൽവെച്ച് നടത്തിയ പത്രസമ്മേളനത്തിൽ എനിക്ക് വലിയ നാക്കുപിഴ സംഭവിച്ചു. സഭ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോൾ എന്റെ ഓഫീസാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെക്കുറിച്ച് ‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ മറുപടി കൊടുക്കും’ എന്ന പരാമർശം ഉണ്ടായി. അപ്പന്റെ അപ്പൻ എന്ന രീതിയിൽ അല്ല ഉദ്ദേശിച്ചത്. എന്നെ കള്ളനാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ പരാമർശത്തിനോട് എത്ര വലിയ ആളാണെങ്കിലും ഞാൻ പ്രതികരിക്കും എന്നാണ് ഉദ്ദേശിച്ചത്. എന്റെ വാക്കുകൾ അങ്ങനെ ആയിപ്പോയതിൽ ഖേദമുണ്ട്. മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നു’, പിവി അൻവർ വിഡിയോയിൽ പറഞ്ഞു.
മുഖ്യമന്ത്രി അമേരിക്കയിൽ പോയി ജീവിക്കാൻ പോകുകയാണെന്നും അതിനുള്ള സംവിധാനം റിയാസും മുഖ്യമന്ത്രിയുടെ മകളും കൂടി ഒരുക്കുകയാണെന്നും അൻവർ നിയമസഭാ മന്ദിരത്തിനു മുന്നിൽ വച്ച് മാധ്യമങ്ങളോടു പറഞ്ഞു. ഈ കപ്പൽ മുങ്ങാൻ പോകുന്ന കപ്പലാണെന്നും കപ്പിത്താനും കുടുംബവും മാത്രം രക്ഷപ്പെടുന്ന രാഷ്ട്രീയത്തിലേക്കാണ് കേരളം പോകുന്നതെന്നും അൻവർ പറഞ്ഞു.
PV Anwar apologized for the insulting remarks made against Pinarayi Vijayan
Discussion about this post