തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം. ആദ്യ ദിനത്തിൽ മുണ്ടക്കൈ ഉരുൾപൊട്ടലിൽ അനുശോചനം അർപ്പിച്ച് സഭ പിരിയും. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഏഴ് മുതൽ സഭാ സമ്മേളനം തുടരും. ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം 18ന് അവസാനിക്കും. കേരള വെറ്ററിനറി സർവകലാശാല ബിൽ ഉൾപ്പെടെ ആറ് ബില്ലുകളാണ് ഈ സഭാ സമ്മേളന കാലയളവിൽ പരിഗണനയ്ക്ക് എത്തുക.
അതേസമയം നിയമസഭ സമ്മേളനം കലുഷിതമാകാനുള്ള സാധ്യത ഏറെയാണ്. നിയമസഭയിൽ സർക്കാറിനെതിരെ ആഞ്ഞടിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം. പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളും മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. എഡിജിപി – ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം. മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും പിആർ കമ്പനി ബന്ധങ്ങളും സഭയിൽ വാദപ്രതിവാദങ്ങൾക്ക് കാരണമാകും. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ അന്യായമായി ഒഴിവാക്കിയത് ആദ്യദിനത്തിൽ തന്നെ പ്രതിപക്ഷം ചോദ്യം ചെയ്യും.
വിവാദ അഭിമുഖത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിശദീകരണം നൽകിയിരുന്നെങ്കിലും ഇതിൽ പ്രതിപക്ഷം തൃപ്തരല്ല, സർക്കാരോ മുഖ്യമന്ത്രിയോ ഒരു പിആർ ഏജൻസിയെയും അഭിമുഖത്തിനായി ഏർപ്പെടുത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ദ ഹിന്ദു ദിനപത്രം താൻ പറയാത്ത കാര്യങ്ങളാണ് അഭിമുഖത്തിൽ ചേർത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post