കർണാടക ഷിരൂർ മണ്ണിടിച്ചിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഷിരൂരിൽ 72 ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് അർജുന്റെ ലോറിക്കൊപ്പം മൃതദേഹവും ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തുന്നത്. കരയിൽ നിന്നും ഏകദേശം 62 കിലോമീറ്റർ അകലെ സിപി 2 പോയിന്റിൽ നിന്നാണ് ലോറി കണ്ടെത്തിയത്. ജൂലൈ പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ൽ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്.
ചായക്കടയുടെ മുന്നിൽനിന്നവരും സമീപം പാർക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയിൽ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉൾപ്പടെ ഏഴുപേർ അപകടത്തിൽ മരിച്ചിരുന്നു. കാർവാർ – കുംട്ട റൂട്ടിൽ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികൾ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിർത്തിയിട്ട ഇന്ധന ടാങ്കർ ഉൾപ്പടെ നാല് ലോറികൾ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണിരുന്നു. അപകടത്തിന്റെ വാർത്തകൾ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അർജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം അറിഞ്ഞത്.
Discussion about this post