അൻവറിന് കമ്യൂണിസ്റ്റ് പാർട്ടിയെ കുറിച്ച് കാര്യമായ ധാരണയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിവി അൻവർ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയായി മാറിയെന്നും അദ്ദേഹത്തിന്റെ നിലപാടുകൾക്കെതിരെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
അൻവർ പഴയകാല കോൺഗ്രസ് പ്രവർത്തന പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ്. സാധാരണക്കാരുടെ വികാരം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന സാഹചര്യം അദ്ദേഹത്തിനില്ലെന്നും എംവി ഗോവിന്ദൻ വിമർശിച്ചു. കമ്യൂണിസ്റ്റ് പാർട്ടി അംഗമാകാൻ എംഎൽഎ ആയിട്ട് പോലും ഇതുവരെ അൻവറിന് കഴിഞ്ഞിട്ടില്ല. വർഗ ബഹുജന സംഘടനകളിലും പ്രവർത്തിച്ചിരുന്നില്ല. അതുകൊണ്ട് പാർട്ടിയെ കുറിച്ചോ, നയങ്ങളെ കുറിച്ചോ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. അമർത്യാസെൻ ചൂണ്ടിക്കാട്ടിയ കേരള മോഡലിനെ ശക്തമാക്കുന്ന നടപടിയാണ് പാർട്ടിയും, സർക്കാരും സ്വീകരിച്ച് പോരുന്നത്. ജനങ്ങളുടെ പരാതിയിൽ എല്ലായ്‌പ്പോഴും സർക്കാർ ഇടട്ടുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ വേണം അൻവറിന്റെ പരാതിയെ കാണാനെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അൻവറിന്റെ പരാതികൾ കേൾക്കാതിരിക്കുകയോ അഭിപ്രായങ്ങൾ പരിഗണിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു സമീപനവും പാർട്ടിയിൽ നിന്നുണ്ടായിട്ടില്ല. ഇക്കാര്യത്തിൽ നല്ല പരിഗണന പാർട്ടി നൽകിയിട്ടുണ്ട്. ഉന്നയിച്ച കാര്യങ്ങൾ പരിശോധിച്ച് മുന്നോട്ട് പോവുക എന്ന സമീപനമാണ് പാർട്ടിയുടേത്. അന്വേഷണങ്ങൾ മുറയ്ക്ക് തന്നെ നടന്നു വരികയാണ്. പാർട്ടി അംഗം പോലുമല്ലാത്ത അൻവറിന് നൽകാവുന്ന എല്ലാ പരിഗണനയും നൽകിയിട്ടും മൂന്ന് പിബി അംഗങ്ങൾ ഉറപ്പ് നൽകിയിട്ടും അത് കണക്കാക്കാതെ പത്രസമ്മേളനം നടത്തിയത് ഗൗരവമുള്ള കാര്യമാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
CPM State Secretary MV Govindan against PV Anwar