തിരുവനന്തപുരം: തൃശ്ശൂർ പൂരം വിവാദത്തിൽ വീണ്ടും അന്വേഷണം നടത്തണമെന്ന് ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ. ഏത് രീതിയിലായിരിക്കും അന്വേഷണം എന്നതിൽ ഉടൻ തീരുമാനം ഉണ്ടാകും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാണ്. ആഭ്യന്തര സെക്രട്ടറി ശുപാർശ മുഖ്യമന്ത്രിക്ക് കൈമാറി.
എഡിജിപി എം.ആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിയും തള്ളി. ഡിജിപിക്ക് കൈമാറിയ റിപ്പോർട്ട് കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രിക്ക് കൈമാറിയത്. എഡിജിപിയുടെ റിപ്പോർട്ടിനെ തള്ളികൊണ്ടുള്ള കുറിപ്പോടെയായിരുന്നു ഡിജിപി റിപ്പോർട്ട് കൈമാറിയത്. ഇത് കൂടി കണക്കിലെടുത്താണ് അന്വേഷണത്തിന് ഇപ്പോൾ ശുപാർശ ചെയ്തിരിക്കുന്നത്.
തൃശൂർപൂരം കലക്കിയതിൽ നടപടിയുണ്ടാകുമെന്ന് സിപിഐ മന്ത്രിമാർക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് സിപിഐ മന്ത്രിമാർക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്. വിഷയം ഗൗരവമായി കാണുന്നുവെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ഉചിതമായ നടപടിയെടുക്കുമെന്നുമാണ് മുഖ്യമന്ത്രി മന്ത്രിസഭ യോഗത്തിൽ പറഞ്ഞത്.