കൊച്ചി: നടൻ സിദ്ദിഖിനെ കണ്ടെത്താൻ പൊലീസിൻറെ വ്യാപക തെരച്ചിൽ തുടരുന്നു. പൊലീസ് സംഘങ്ങളായി തിരിഞാണ് പരിശോധന നടത്തുന്നത്. സിദ്ദിഖിനായി സംസ്ഥാനത്തിനു പുറത്തും അന്വേഷണം നടത്തും. കൊച്ചി നഗരത്തിലെ ഹോട്ടലുകളിൽ പൊലീസ് രാത്രി പരിശോധന നടത്തി. സിനിമാ സുഹൃത്തുക്കളുടെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിൽ സിനിമാ മേഖലയെ ഞെട്ടിച്ച സംഭവമാണ് അമ്മ ജനറൽ സെക്രട്ടറി ആയിരുന്ന സിദ്ദിഖിനെതിരെ ഉയർന്ന ലൈംഗിക അതിക്രമക്കേസ്. 2016 ൽ സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. യുവതിയുടെ മൊഴിയും ഹോട്ടലിലെ രജിസ്റ്റർ അടക്കമുള്ള രേഖകളും ഹാജരാക്കിയാണ് സാഹചര്യത്തെളിവുകൾ സ്ഥാപിക്കാൻ പ്രോസിക്യൂഷൻ ശ്രമിച്ചത്. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമെങ്കിലും ഫെയ്സ്ബുക്കിലെ അടക്കം ഡിജിറ്റൽ തെളിവുകൾ കോടതിയെ ബോധിപ്പിക്കാൻ പരാതിക്കാരിക്കായി എന്നുള്ളത് നിർണായകമാണ്.
ഇതോടെയാണ് ബലാത്സംഗം, ഭീഷണിപ്പെടുത്തൽ ഉൾപ്പടെ ഗുരുതര വകുപ്പുകൾ ചുമത്തിയ കേസിൽ പ്രതിയായ സിദ്ദിഖിന് ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അമ്മ സംഘടനയുടെ നിലപാട് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് നടൻ സിദ്ദിഖിനെതിരെ ബലാത്സംഗ പരാതിയുമായി യുവനടി രംഗത്തെത്തിയത്. അതോടെ കഴിഞ്ഞ ഓഗസ്റ്റ് 28ന് കേസെടുത്തതിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചു.
കഴിഞ്ഞ ദിവസം നടി കവിയൂർ പൊന്നമ്മയുടെ പൊതുദർശനത്തിലടക്കം പങ്കെടുത്ത് കൊച്ചിയിൽ തുടർന്ന സിദ്ദിഖ് കോടതി തീരുമാനം വന്നതോടെ വീട്ടിൽ നിന്ന് മാറി നിൽക്കുകയാണ്. കേസ് രജിസ്റ്റർ ചെയ്ത് രണ്ട് മാസമായിട്ടും പ്രതിക്ക് ഹാജരാകാൻ ഒരു നോട്ടീസ് പോലും അന്വേഷണസംഘം നൽകിയിരുന്നില്ല. ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള തിരക്കിട്ട നീക്കങ്ങളിലാണ് പ്രതിഭാഗം.
Discussion about this post