പി.വി.അൻവർ എംഎൽഎയെ തള്ളിയും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ പൂർണമായി പിന്തുണച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ കോൺഗ്രസിൽ നിന്നാണ് വന്നതെന്നും ഇടതു പശ്ചാത്തലം ഇല്ലാത്ത ആണെന്നും മുഖ്യമന്ത്രിയുടെ വിമർശനം. പി.ശശി മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്തുകൊടുക്കാത്തതിന്റെ പേരിൽ ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ നടപടി എടുക്കാനാവില്ലെന്നും അൻവറിന്റെ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചു.
അൻവർ നിയമവിരുദ്ധമായ കാര്യങ്ങൾ ആവശ്യപ്പെട്ടു എന്ന വ്യാഖ്യാനങ്ങൾക്ക് ഇട നൽകുന്നതാണ് പിണറായിയുടെ മറുപടി. അൻവറിനെപ്പറ്റി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ കത്തയച്ചിട്ടുണ്ട്. അതും അന്വേഷണസംഘം പരിശോധിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞതോടെ അൻവറിനെതിരെ അന്വേഷണം ഉണ്ടാകുമെന്നും ഉറപ്പായി.
ഉദ്യോഗസ്ഥരുടെ ഫോൺ അൻവർ ചോർത്തി പുറത്തുവിട്ടതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. അൻവർ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശം മാനിക്കാതെ വാർത്താ സമ്മേളനം നടത്തിയതും നീരസത്തിനിടയാക്കി. അതേസമയം അന്വേഷണമില്ലാതെ തന്നെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് മുഖ്യമന്ത്രി ക്ലീൻചിറ്റും നൽകി.
പി.വി.അൻവർ ആദ്യം വാർത്താ സമ്മേളനം നടത്തിയപ്പോൾ തന്നെ അദ്ദേഹവുമായി ബന്ധപ്പെടാൻ ഓഫിസിൽ പറഞ്ഞിരുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത് . എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ മാധ്യമങ്ങളുമായി ചർച്ച ചെയ്യുകയല്ല വേണ്ടത്. എന്റെ അടുത്തു വന്നു പറയാൻ ആവശ്യപ്പെട്ടു. എന്നാൽ മൂന്നാമത്തെ ദിവസവും അദ്ദേഹം വാർത്താ സമ്മേളനം നടത്തി. മുഖ്യമന്ത്രിയെ നാളെ പോയി കാണുമെന്ന് അന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോഴേയ്ക്കും അദ്ദേഹവുമായി പൊലീസ് ഉദ്യോഗസ്ഥൻ സംസാരിച്ച കാര്യങ്ങൾ ഉൾപ്പെടെ പരസ്യമായി വന്നു. സംസാരിക്കുന്ന കാര്യം റെക്കോർഡ് ചെയ്യുന്ന പൊതുപ്രവർത്തകനായി അൻവർ മാറി. എന്നും മുഖ്യമന്ത്രി പറഞ്ഞു.
അതെ സമയം പി.ശശിയെ പൂർണമായി പിന്തുണച്ച മുഖ്യമന്ത്രി സിപിഎം സംസ്ഥാന സമിതി അംഗമായ പി.ശശി പാർട്ടി നിയോഗിച്ചത് പ്രകാരമാണ് തന്റെ ഓഫിസിൽ പ്രവർത്തിക്കുന്നത് എന്നും വ്യക്തമാക്കി. മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തുന്നത്. ഒരു തരത്തിലുള്ള തെറ്റായ കാര്യവും അദ്ദേഹത്തിന്റെ പക്കൽ ഇല്ല. ആരു പറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തള്ളിക്കളയും. ഒരു പരിശോധനയും അക്കാര്യത്തിൽ ആവശ്യമില്ല. കൊടുക്കുന്ന പരാതിക്ക് അതേപടി നടപടി സ്വീകരിക്കാനല്ല അദ്ദേഹം അവിടെ ഇരിക്കുന്നത്. എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയാണെന്നും, ശശിയുടെ നടപടികൾ പാർട്ടിയേയും മുന്നണിയേയും പ്രതിസന്ധിയിലാക്കി എന്നുമുള്ള പി.വി.അൻവർ എംഎൽഎയുടെ പുതിയ വെളിപ്പെടുത്തൽ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു ശശിക്ക് വേറെ താൽപര്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നും പി.വി അൻവർ ആവശ്യപ്പെട്ടിരുന്നു.
Chief Minister Pinarayi Vijayan denies PV Anvar allegations against P Shasi.