ആരാണ് അതിഷി?

വ്യക്തമായ കാഴ്ചപ്പാട് കൃത്യമായ നിലപാട് പക്വമായ പെരുമാറ്റം എന്നിവ കൈമുതലാക്കി രാജ്യ തലസ്ഥാനത്തിന്റെ തലൈവിയാകാൻ ഒരുങ്ങുന്ന നേതാവ്. അരവിന്ദ് കേ‌ജ്‌രിവാൾ ജയിലിൽ അടയ്ക്കപ്പെട്ട സമയത്ത് ബിജെപിക്കെതിരെയും കേന്ദ്രസർക്കാരിനെതിരെയും രൂക്ഷ വിമർശനമുയർത്തി രാജ്യ ശ്രദ്ധ പിടിച്ചുപറ്റിയ ആം ആദ്മിയുടെ ദേശീയ നിർവാഹക സമിതി അംഗം. നിലവില്‍ ഡൽഹിയിലെ വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം അടക്കം ഏറ്റവും അധികം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി. ജനപ്രിയ പദ്ധതികളുടെ അമരക്കാരിയായ അതിഷി മർലേനയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ ആം ആദ്മിക്ക് കാരണങ്ങളേറെയുണ്ട്

ക്രിസ്തുമത വിശ്വാസിയായ വിദേശിയാണ് സംഘപരിവാറിന് അതിഷി. കോണ്‍ഗ്രസിന്റെ കാഴ്ചപ്പാടിലാകട്ടെ, തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകയും. മധ്യപ്രദേശിലെ ഭോപ്പാലിനു സമീപം ഒരു കൊച്ചുഗ്രാമത്തില്‍ ജൈവകൃഷിയുമായാണ് അതിഷിയുടെ തുടക്കം. സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ പ്രശാന്ത് ഭൂഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ കണ്ണില്‍പ്പെട്ട അതിഷി അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലെ മുന്നണിപ്പോരാളിയായി ഡല്‍ഹിയില്‍ എത്തി.

നിര്‍ഭയ സംഭവത്തെത്തുടർന്നു നടന്ന പ്രക്ഷോഭത്തിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളിലുമടക്കം അതിഷി അംഗമായി. ആം ആദ്മി പാര്‍ട്ടിയുടെ നേതൃനിരയില്‍ സജീവമായ അതിഷി ഡല്‍ഹിയില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതിനൊപ്പം രാജ്യതലസ്ഥാനത്തെ സ്കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിലും നിർണായക സാന്നിധ്യമായി.

2013-ലാണ് രാഷ്ട്രീയ പ്രവേശനം. ഓക്സ്ഫഡിൽ നിന്ന് തിരിച്ച് ഇന്ത്യയിലെത്തിയ അതിഷി, സാധാരണക്കാർക്കിടയിലായിരുന്നു ആദ്യകാലത്ത് പ്രവർത്തിച്ചു തുടങ്ങിയത്. താഴെത്തട്ടിലുള്ള കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ളവയിൽ അതിഷി പ്രവർത്തനം കേന്ദ്രീകരിച്ചു. ഉത്തർപ്രദേശിൽ സ്കൂൾ അധ്യാപികയായി ജോലി ചെയ്ത അതിഷി പല എൻ.ജി.ഒകൾക്ക് വേണ്ടിയും പ്രവർത്തിച്ചു. അതുവരെ രാഷ്ട്രീയ പ്രവേശം ചിന്തിച്ചിട്ടില്ലായിരുന്ന അതിഷിയെ പ്രശാന്ത്‌ ഭൂഷണാണ്‌(മുൻ എഎപി അംഗം, പിന്നീട് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു) എഎപിയിലേക്ക് അടുപ്പിച്ചത്. 2013-ൽ ആംആദ്മി പാർട്ടിയിൽ ചേരുമ്പോൾ അതിഷിയുടെ കാഴ്ചപ്പാടുകൾ തന്നെയായിരുന്നു ആംആദ്മി പാര്‍ട്ടിയും മുന്നോട്ടുവച്ചത്‌.

2012-ൽ മാത്രം രൂപീകരിച്ച ഒരു പാർട്ടി വൈകാതെ തന്നെ രാജ്യതലസ്ഥാനത്തെ ഭരണം പിടിച്ചപ്പോള്‍ അതിഷി പാർട്ടിയുടെ പ്രധാന ഘടകമായി മാറിക്കഴിഞ്ഞിരുന്നു. അഴിമതി വിരുദ്ധ മുദ്രാവാക്യവുമായി എത്തിയ പാർട്ടി 2015-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നടത്തിയത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത അട്ടിമറിയുമായിരുന്നു. ചൂലുമായെത്തി ഒരു പാർട്ടി രാജ്യത്ത് വിപ്ലവം സൃഷ്ടിച്ചപ്പോൾ അതിന്റെ തലപ്പത്ത് കെജ്രിവാൾ എന്ന ഐഐടിക്കാരനായിരുന്നു. 70 സീറ്റുകളിൽ 67 എണ്ണവും തൂത്തുവാരിയപ്പോൾ കെജ്രിവാളിന്റെ കൂടെ വിജയാഘോഷത്തിൽ പങ്കുചേരാൻ അതിഷിയും ഉണ്ടായിരുന്നു.

2020-ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്, ഏവരും ഉറ്റുനോക്കിയ ഫലങ്ങളിലൊന്നായിരുന്നു കാല്‍ക്കാജി മണ്ഡലത്തിലേത്. ഓക്സഫഡിൽ നിന്നെത്തി രാജ്യതലസ്ഥാനത്തെ പ്രധാനപ്പെട്ടൊരു മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായ അതിഷിയെ അന്ന് മിക്കവരും ആകാംക്ഷയോടെയായിരുന്നു നോക്കിക്കണ്ടത്. 2015-ൽ കെജ്രിവാൾ സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ ഉപദേഷ്ടാവായിരുന്നു അന്ന് വിദ്യാഭ്യാസ വിപ്ലവം തീർത്ത അതിഷി. 2020-ലെ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളായി ഉയരുകയും പാർട്ടി വക്താവ് എന്ന നിലയിൽ നിരന്തരം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയ അറസ്റ്റിലായതിനു പിന്നാലെ മന്ത്രിസ്ഥാനം രാജിവെച്ചു. രാഷ്ട്രീയ തിരിച്ചടിക്കിടയില്‍ എഎപിയുടെയും കെജ്രിവാളിന്റെയും മറുപടിയായിരുന്നു അതിഷി. മൊഹല്ല ക്ലിനിക്കുകള്‍ പോലെ വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളാണ് എഎപിക്ക് ഡല്‍ഹിയില്‍ തുടര്‍ഭരണം നേടിക്കൊടുത്തത്. അതിന് അണിയറയില്‍ ചുക്കാന്‍ പിടിച്ചതാകട്ടെ അതിഷിയും. ഇതുവരെ സിസോദിയയുടെ പിന്നിലായി അണിയറയിലായിരുന്നു ആ റോളെങ്കില്‍ ഇനി സിസോദിയയുടെ പകരക്കാരിയായി മുന്‍നിരയിലേക്ക് മന്ത്രിപദവിയില്‍ നിയോഗിക്കപ്പെട്ടു. അവരുടെ മേഖലയായ വിദ്യാഭ്യാസം തന്നെ അവർക്ക് നൽകുകയും ചെയ്തു.

ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടേയും സത്യേന്ദ്ര ജെയിനിന്റേയും അറസ്റ്റിന് പിന്നാലെയാണ്, അതിഷിയ്ക്കും സൗരഭ് ഭരദ്വാജിനും കെജ്രിവാൾ മന്ത്രിസഭയിലേക്കുള്ള വഴി തുറന്നത്. പക്വതയാർന്ന സംസാരശൈലി, ഏവരേയും ആകർഷിക്കുന്ന പെരുമാറ്റം, രാഷ്ട്രീയ പ്രവർത്തക എന്നതിനേക്കാൾ കൂടുതലായി അതിഷിക്ക് ചേരുക വിദ്യാഭ്യാസ രംഗത്ത് പ്രഗത്ഭ എന്നയിരുന്നു.

രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ഡൽഹിയിലെ വിദ്യാഭ്യാസ വിപ്ലവം. സർക്കാർ സ്കൂളുകൾ കൈവരിച്ച വിപ്ലവകരമായ നേട്ടങ്ങളുടെ പിന്നിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മനീഷ് സിസോദിയയ്ക്ക് പിന്നാലെ പ്രവർത്തിച്ച കരങ്ങളിൽ ഒന്ന് അതിഷിയുടെ ആയിരുന്നു. ദേശീയ പരീക്ഷകളിൽ സ്വകാര്യ സ്കൂളുകളേക്കാൾ സർക്കാർ സ്കൂൾ വിദ്യാർഥികൾ മികച്ച ഫലങ്ങൾ സ്വന്തമാക്കി. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി എട്ടായിരത്തിലേറെ പുതിയ ക്ലാസ് മുറികൾ നിർമ്മിച്ചു. അതുവരെ അധികമൊന്നും ഡൽഹിയിലെ സ്കൂളുകളിൽ കേട്ടു കേൾവിയില്ലാതിരുന്ന പിടിഎ യോഗങ്ങൾ എല്ലാ സ്കൂളുകളിലും നടന്നു. ഡല്‍ഹിയിലെ സ്കൂളുകളിലും വിദ്യാഭ്യാസ മേഖലകളിലും വന്ന മാറ്റങ്ങൾ വളരെ പെട്ടെന്ന് തന്നെ ജനങ്ങൾക്കിടയിൽ ഏറെ ചർച്ചാ വിഷയമായി മാറി. ഇതോടെ അതിഷിയുടെ പ്രശസ്തിയും വർധിച്ചു തുടങ്ങി.

മികച്ച പ്രസംഗക കൂടിയാണ് അതിഷി. പ്രസംഗിച്ചു തുടങ്ങുന്നതോടെ എതിരാളികൾ പോലും നിശ്ശബ്ദരാകുന്നതിന് ഡൽഹി നിയമസഭ പലവട്ടം സാക്ഷിയായിട്ടുണ്ട്. രാഷ്ട്രീയ നാടകങ്ങളുടെ തട്ടകമായ ഡൽഹിയുടെ ഭാവി നിർണയിക്കുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ മറ്റൊരു തുടക്കമാണ് അതിഷി എന്ന് വേണം വിലയിരുത്താൻ

Exit mobile version