തലസ്ഥാന നഗരമായ ഡല്‍ഹി രാഷ്ട്രീയ ചൂടില്‍ ചുട്ടുപൊള്ളുകയാണ്. ആം ആദ0്മി പാര്‍ട്ടിയുടെ തൊട്ടടുത്ത നീക്കം എന്തായിരിക്കുമെന്നുള്ള സസ്‌പെന്‍സാണ് അതില്‍ ഏറ്റവും പ്രധാനം. നീണ്ട നാളത്തെ ജയില്‍ വാസത്തിന് ശേഷം തിരിച്ചെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രാജി പ്രഖ്യാപനമായിരുന്നു അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്ക് തുടക്കമിട്ടത്. രാജിക്ക് പിന്നാലെ അതിഷി മര്‍ലേനയെ നിയമസഭാ കക്ഷി നേതാവായി എഎപി പ്രഖ്യാപിക്കുകയും ചെയ്തു.
ജനങ്ങള്‍ തന്റെ സത്യസന്ധത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയാലേ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കൂ എന്നാണ് കെജ്രിവാളിന്റെ പ്രസ്താവന. ജയിലില്‍നിന്ന് വന്ന തനിക്ക് അഗ്‌നിപരീക്ഷ നേരിടണം. തങ്ങള്‍ സത്യസന്ധരാണെന്ന് ആളുകള്‍ പറയുമ്പോള്‍ മാത്രമേ താന്‍ മുഖ്യമന്ത്രിയും മനീഷ് സിസോദിയ ഉപമുഖ്യമന്ത്രിയും ആകൂ എന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ് ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുക എന്നതാണ് കെജ്രിവാളിന്റെ നീക്കത്തിന് പിന്നിലെന്നാണ് സൂചന. മന്ത്രിസഭയിലെ രണ്ടാമനായ മനീഷ സിസോദിയ കെജ്രിവാളിനൊപ്പം പ്രചാരണത്തില്‍ സജീവമാകുമെന്നാണ് സൂചന. മദ്യനയക്കേസില്‍ ഇരുവരും അറസ്റ്റിലായിരുന്നു.
2025 ഫെബ്രുവരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കെജ്രിവാളിന്റെ ഈ അപ്രതീക്ഷിത രാജിയില്‍ ബിജെപി നേതൃത്വം ആകെ വെട്ടിലായിരിക്കുകയാണ്. അതിനൊപ്പം ഡല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് വേഗത്തിലാക്കാനുള്ള പദ്ധതികളും ആം ആദ്മി പാര്‍ട്ടി അണിയറയില്‍ ഒരുക്കുന്നുണ്ട്. നവംബറില്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനൊപ്പം ഡല്‍ഹിയിലെ തെരഞ്ഞെടുപ്പും നടത്തണമെന്ന ആവശ്യം കെജ്രിവാള്‍ ഉന്നയിച്ചു കഴിഞ്ഞു. ജയില്‍ മോചിതരായ ആംആദ്മി പാര്‍ട്ടി നേതാക്കള്‍ വര്‍ദ്ധിച്ച ആത്മവിശ്വാസവുമായാണ് രാഷ്ട്രീയ ഗോദയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.
എന്നാല്‍ കെജ്രിവാളിന്റെ രാജി പ്രഖ്യാപനത്തെ നാടകമെന്നും പിആര്‍ സ്റ്റണ്ടെന്നുമൊക്കെയാണ് ബിജെപി വിശേഷിപ്പിച്ചത്. കെജ്രിവാളിന്റെ പ്രസ്താവനകള്‍ പൊള്ളത്തരം നിറഞ്ഞതാണെന്ന് ബിജെപി പരിഹാസിച്ചു . സുപ്രീം കോടതിയില്‍ നിന്നുള്ള പരോക്ഷ സമ്മര്‍ദ്ദത്തിന്റെ ഫലമാണ് രാജിയെന്നും ബിജെപി വിമര്‍ശിച്ചു. സ്വന്തം ഭാര്യയെ അടുത്ത മുഖ്യമന്ത്രിയാക്കാനുള്ള വലിയ പദ്ധതിയുടെ ഭാഗമാണ് രാജിയെന്നാണ് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞത്. എന്നാല്‍ നിലവില്‍ കൊജ്രിവാള്‍ മന്ത്രിസഭയിലെ ധനകാര്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അതിഷിയാണ് ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുന്നത്. കെജ്രിവാള്‍ ജയിലിലായതോടെ ബിജെപിക്കെതിരായ യുദ്ധം നടത്തിയതും അതിഷിയായിരുന്നു.
പക്ഷെ കഴിഞ്ഞ ആറുമാസം ജയിലിലായിരുന്നിട്ടും രാജി വെക്കാന്‍ തയ്യാറാകാതിരുന്ന കെജ്രിവാള്‍ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തു വന്നതിന് പിന്നാലെ രാജി പ്രഖ്യാപിച്ചതിനെ ബിജെപി സംശയദൃഷ്ടിയോടെ നോക്കിക്കാണുന്നത്. രണ്ടാം നിരയിലുള്ള നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തെത്തിക്കുകയും തെരഞ്ഞെടുപ്പിലൂടെ അഗ്‌നിശുദ്ധി നേടി വീണ്ടും അധികാരത്തില്‍ തിരിച്ചെത്താമെന്നും കെജ്രിവാളും സംഘവും കണക്കുകൂട്ടുന്നുണ്ട് എന്നുറപ്പാണ്. അത് മാത്രമല്ല തെരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള എഎപി തന്ത്രങ്ങളുമെല്ലാം അവര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നതിനുള്ള തെളിവുകളാണ്. കെജ്രിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും ഈ അത്മവിശ്വാസത്തിലാണ് ബിജെപിയുടെ കേന്ദ്ര നേതൃത്വം പതറി പോയിരിക്കുന്നത്. വരും നാളുകളില്‍ രാഷ്ട്രീയ ടൂട് ഇനിയും ഉയരാനുള്ള സാധ്യതകളുണ്ട്. ആ ചൂടില്‍ ആര് വാടും ആര് തളരും ആര് തളിരിടും എന്നുള്ളതാണ് ഇനിയുള്ള ചോദ്യം.