ഡൽഹി: സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു പ്രായം. ദിവസങ്ങളായി ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്നു യെച്ചൂരി.
2015 ഏപ്രിൽ മാസത്തിൽ സിപിഐഎമ്മിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി നിയോഗിതനായ യെച്ചൂരി ഏറ്റവും ഒടുവിൽ 2022 ഏപ്രിലിൽ കണ്ണൂരിൽ വെച്ച നടന്ന സിപിഐഎമ്മിൻ്റെ 23-ാം പാർട്ടി കോൺഗ്രസിൽ മൂന്നാംവട്ടവും ജനറൽ സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടിരുന്നു. സിപിഐഎമ്മിൻ്റെ 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളന കാലയളവിലാണ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നത്.
1974-ൽ സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ)യിൽ ചേർന്ന യെച്ചൂരി തൊട്ടടുത്ത വർഷം സിപിഐഎം അംഗമായി. ഒരു വർഷത്തിനുശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) (സിപിഐ (എം)) യിൽ ചേർന്നു. 1975-ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് സീതാറാം അറസ്റ്റിലായിരുന്നു. പിന്നീടുള്ള ആറുമാസം ഒളിവിലായിരുന്നു യെച്ചൂരിയുടെ പ്രവർത്തനം. ഇതോടെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായും യെച്ചൂരി മാറി.
Discussion about this post