ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് വിള്ളൽ വീണ് തുടങ്ങിയെന്നും എപ്പോൾ വേണമെങ്കിലും പൊളിഞ്ഞു വീഴാമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റിട്ടയാൾക്കെതിരെ പൊലീസ് കേസെടുത്തു. ‘RaGa4India’ എന്ന ഹാൻഡിലിൽ നിന്നാണ് ഇങ്ങനെ ഒരു പോസ്റ്റ് വന്നത്. സെപ്റ്റംബർ എട്ടിന് രാവിലെ 9.52നാണ് പോസ്റ്റിരിക്കുന്നത്.
വിള്ളലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതിനാൽ എപ്പോൾ വേണമെങ്കിലും വീഴാം എന്നായിരുന്നു പോസ്റ്റ്. സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ നിർമാണ സമയത്തെ ഒരു ചിത്രവും ഇതോടൊപ്പം പങ്കുവെച്ചെരുന്നു. നിലവിൽ പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ഭാരതീയ ന്യായ് സംഹിതയിലെ 353 (1) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊതുജനങ്ങൾക്ക് ആശങ്കയോ ഭയമോ ഉണ്ടാക്കുന്ന തരത്തിൽ ഏതെങ്കിലും പ്രസ്താവനയോ, തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കുന്നതിനെതിരെയാണ് കേസ്. ഡെപ്യൂട്ടി കളക്ടർ അഭിഷേക് രഞ്ജൻ സിൻഹ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.