കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് തിരിച്ചടി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി സർക്കാരിനോട് ആരാഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പുറത്തുവന്ന വെളിപ്പെടുത്തലുകളിൽ അന്വേഷണം തുടങ്ങിയെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നുമാണ് സർക്കാർ മറുപടി നൽകിയത്. എന്നാൽ സർക്കാരിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് എസ്ഐടിക്ക് കൈമാറാൻ ഹൈക്കോടതിയുടെ പ്രത്യേക ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
സമ്പൂർണ്ണ ഹേമ കമ്മിറ്റി റിപ്പോർട്ടും അനുബന്ധ രേഖകളും സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. സാമൂഹിക ഉത്തരവാദിത്തം കണക്കിലെടുത്ത് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി വൈകിയതിലെ കാരണം സർക്കാർ വിശദീകരിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറയുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് എസ്ഐടിക്ക് കൈമാറണം. റിപ്പോർട്ട് പരിശോധിച്ച് എസ്ഐടി സത്യവാങ്മൂലം നൽകണം എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
ലൈംഗിക അതിക്രമക്കുറ്റം ഉൾപ്പടെയുള്ളവ പരിശോധിക്കണം. നടപടിയെടുക്കുന്നതിൽ എസ്‌ഐടി തീരുമാനമെടുക്കണം. എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കണം. എല്ലാവരുടെയും സ്വകാര്യത എസ്‌ഐടി മനസിൽ സൂക്ഷിക്കണം. എസ്‌ഐടി വാർത്താ സമ്മേളനം നടത്തരുതെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
സജിമോൻ പാറയിലിന്റെ ഹർജി കാലഹരണപ്പെട്ടുവെന്ന് നിരീക്ഷിച്ച കോടതി, നാലരക്കൊല്ലമായി റിപ്പോർട്ടിൽ എന്ത് നടപടിയെടുത്തുവെന്ന് വാദം കേൾക്കുന്നതിനിടെ സർക്കാരിനോട് ചോദിച്ചു. എന്തുകൊണ്ടാണ് സർക്കാർ നിശബ്ദമായിരുന്നത്. ഹേമ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ പാലിച്ചുവെന്നായിരുന്നു സർക്കാരിന്റെ മറുപടി. എന്നാൽ ഹേമ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ മാറ്റിവയ്ക്കാനും, ക്രിമിനൽ വിഷയത്തിൽ എന്ത് നടപടിയെടുത്തുവെന്ന് വിശദീകരിക്കാനും സർക്കാരിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.
വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലായി 23 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നാണ് ഹൈക്കോടതിയിൽ സർക്കാർ നൽകിയ വിശദീകരണം. രഹസ്യമായി സൂക്ഷിക്കണമെന്ന് ഹേമ കമ്മിറ്റി നിർദ്ദേശിച്ചുവെന്നും സർക്കാർ പറഞ്ഞു. ആരോപണങ്ങൾ അന്വേഷിക്കാൻ എസ്ഐടിയെ നിയമിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് എസ്ഐടിക്ക് കൈമാറാൻ ആവശ്യപ്പെട്ടത്.
Discussion about this post