വീട്ടമ്മയുടെ തനിക്കെതിരെയുള്ള ബലാത്സംഗ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം എസ്‍പിയായിരുന്ന സുജിത് ദാസ് പറഞ്ഞു. ആരോപണത്തിനെതിരെ കേസ് നൽകും. 2022ൽ തൻറെ എസ്‍പി ഓഫീസിൽ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്. റിസപ്ഷൻ രജിസ്റ്ററിൽ വിശദാംശങ്ങൾ ഉണ്ട്. നിരന്തരമായി പൊലീസിനെതിരെ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോൾ ഇത്തരം ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇപ്പോൾ ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. ഒരു എസ്‍എച്ച്ഒക്കെതിരെ നൽകിയ പരാതി സ്പെഷ്യൽ ബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷിച്ചതാണ്. പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് എന്നത് തള്ളിയിരുന്നു. പിന്നീട് ഈ പരാതിക്കാരിയെ കണ്ടിട്ടില്ല. കുടുംബം പോലും തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും നിയമപരമായി നേരിടുമെന്നും സുജിത് ദാസ് പറഞ്ഞു.
ഒരു വ്യക്തിയെ പൂർണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിൻറെ ഭാഗമാണിതെന്നും ക്രിമിനൽ, സിവിൽ കേസുകളുമായി മുന്നോട്ടുപോകുമെന്നും സുജിത് ദാസ് പറഞ്ഞു. ഇത്തരം ആരോപണങ്ങൾ ഉണ്ടായാൽ ഒരു പരാതിയും ജില്ലാ പൊലീസ് മേധാവിമാർക്ക് സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഒരുതരത്തിലും വസ്തുതയില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണങ്ങളാണിതെന്നും സുജിത് ദാസ് പറഞ്ഞു.
അതേസമയം, മലപ്പുറം എസ്‍പിയായിരുന്ന സുജിത് ദാസിനെതിരെയും എസ്‍എച്ച്ഒ ആയിരുന്ന വിനോദും ബലാത്സംഗം ചെയ്തുവെന്ന വീട്ടമ്മയുടെ ആരോപണം തള്ളുകയാണ് പൊലീസും. ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗൂഢാലോചന അന്വേഷിക്കാൻ ഡിജിപിക്കും പരാതി നൽകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
Discussion about this post