മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിന് എതിരെ വീട്ടമ്മ; പീഡിപ്പിച്ചെന്ന് ആരോപണം

Sujith Das IPS

മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരെ ഗുരുതര ആരോപണമുന്നയിച്ച് വീട്ടമ്മ. എസ്പിയും എസ്എച്ച്ഒ ആയിരുന്ന വിനോദും ചേർന്ന് തന്നെ ബലാത്സം​ഗം ചെയ്തെന്ന് യുവതി പറയുന്നു. പി.വി അൻവറിന്റെ വെളിപ്പെടുത്തലോടെയാണ് താനും തുറന്നു പറയുന്നതെന്ന് വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ പൊന്നാനിയിലെ സിപിഎം നേതാവിൻ്റെ വീട്ടിലെത്തിയ പിവി അൻവറിനെ അവിടെ പോയി കണ്ടിരുന്നുവെന്നും അവർ പറയുന്നു.

എസ്പി സുജിത്ത് ദാസ് രണ്ടു തവണ ബലാത്സംഗം ചെയ്തു. പരാതി പറയരുതെന്ന് സുജിത്ത് ദാസ് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രി തൻ്റെ അങ്കിളാണെന്ന് പറഞ്ഞു. രണ്ടാമത്തെ തവണ ബലാത്സംഗം ചെയ്യുമ്പോൾ ഒരു ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നു. അത് കസ്റ്റംസിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്നും അയാൾക്ക് കൂടി വഴങ്ങണമെന്നും എസ്പി ആവശ്യപ്പെട്ടു. ഇത് താൻ സമ്മതിച്ചില്ലെന്നും വീട്ടമ്മ പറയുന്നു. രണ്ടു വർഷം മുമ്പാണ് സംഭവമെന്നും വീട്ടമ്മ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി.

പരാതിയുമായി രണ്ടു തവണ സുജിത് ദാസിനെ കണ്ടു. പിന്നീട് കുട്ടിയില്ലാതെ തനിച്ചുവരാൻ എസ്പി ആവശ്യപ്പെട്ടു. കോട്ടയ്ക്കയിലേക്ക് വരാനാണ് ആവശ്യപ്പെട്ടത്. മറ്റൊരു നമ്പറിൽ നിന്നാണ് വിളിച്ചത്. എസ്പി ഓഫീസിന് കുറച്ചകലെയായി മറ്റൊരു വീട്ടിലേക്ക് ഒരാൾ കൂട്ടിക്കൊണ്ടുപോവുകയും അവിടെ എസ്പി ഉണ്ടായിരുന്നുവെന്നും വീട്ടമ്മ പറയുന്നു. അവിടെ വെച്ചാണ് പീഡിപ്പിച്ചത്. പിന്നീട് പലപ്പോഴായി വീഡിയോ കോൾ വിളിക്കുമായിരുന്നു. രണ്ടാഴ്ച്ച കഴിഞ്ഞ് വീണ്ടും വിളിച്ചു. കസ്റ്റംസിലുള്ള സുഹൃത്ത് വന്നെന്ന് പറഞ്ഞാണ് വിളിച്ചത്. അവിടെ പോയപ്പോൾ ഇരുവരും മദ്യപിക്കുകയായിരുന്നു. തനിക്ക് ജ്യൂസ് തന്ന് ബലാത്സം​ഗം ചെയ്യുകയായിരുന്നുവെന്നും വീട്ടമ്മ പറയുന്നു.

Exit mobile version