എം വി ഗോവിന്ദനും പരാതി നല്‍കി പി വി അൻവർ

PV Anwar CPIM Issue

മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും കൈമാറിയെന്ന് പി വി അൻവർ എംഎൽഎ. ലക്ഷക്കണക്കിന് സഖാക്കൾ പറയാൻ ആഗ്രഹിച്ചതാണ് താൻ പറഞ്ഞതെന്നും ജനങ്ങളുടെ വികാരമാണതെന്നും വ്യക്തമാക്കിയ അൻവ‍ർ വിശ്വസിച്ച് ഏൽപ്പിച്ച ആൾ തന്നെ ചതിക്കുമോയെന്നും ചോദിച്ചു.

താൻ ഉയർത്തിയ ആരോപണങ്ങളുമായി പൊതുസമൂഹത്തിന് മുന്നിൽ തന്നെ കാണും. എഡിജിപിയെ മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. അന്തസുള്ള പാർട്ടിക്കും സർക്കാരിനും മുന്നിലാണ് പരാതി നൽകിയത്. നടപടി ക്രമങ്ങൾ പാലിച്ച് കാര്യങ്ങൾ മുന്നോട്ട് പോകും. ജനങ്ങളുടെ വികാരമാണ് താൻ പറഞ്ഞത്. അത് തള്ളിക്കളയുമോ? വിശ്വസിച്ച് ഏൽപ്പിച്ച ആൾ ചതിക്കുമോ? ഇങ്ങനെ ഒരു വൃത്തികെട്ട പൊലീസ് ഉണ്ടോയെന്നും പി വി അൻവർ ചോദിക്കുന്നു.

പാർട്ടിയ്‌ക്ക് മാത്രമേ താൻ കീഴടങ്ങൂ. കീഴടക്കാമെന്ന് ആരും വിചാരിക്കേണ്ട. സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന ലോബിയ്ക്ക് എതിരായ വിപ്ലവമായി മാറും. സൂചനാ തെളിവുകളാണ് താൻ നൽകിയത്. അന്വേഷണം എങ്ങാട്ടാണ് പോകുന്നത് എന്ന് നോക്കിയിട്ട് ഇടപെടുമെന്നും പി വി അൻവ‍ർ കൂട്ടിച്ചേർത്തു. അതേസമയം, പി ശശിക്ക് എതിരെ വീണ്ടും പി വി അൻവ‍ർ വിമർശനമുന്നയിച്ചു. വിശ്വസിച്ചേൽപ്പിച്ചവരാണ് ചതിക്കുന്നത്. ഏൽപിച്ചവർ അല്ല അതിന് ഉത്തരവാദി. തെറ്റായ രീതിയിലാണ് പോകുന്നതെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർ മറുപടി പറയേണ്ടി വരും. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. എന്തിനാണ് സുജിത് ദാസ് മൂന്ന് ദിവസം അവധിയിൽ പോയതെന്നും അദ്ദേഹം ചോദിച്ചു.
കൊണ്ടോട്ടിയിലെ ഗോൾഡ് അപ്രൈസർ ഉണ്ണിക്ക് എതിരെയും അൻവ‍ർ ആരോപണം ഉന്നയിച്ചു. ഉണ്ണി സ്വർണം മാറ്റുന്നതിന്റെ വീഡിയോ പുറത്ത് വിടുമെന്ന് പിവി അൻവർ പറഞ്ഞു.

എഡിജിപി എംആർ അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആരോപണങ്ങൾ അന്വേഷിക്കും. എന്നാൽ, എഡിജിപിക്കെതിരായ അന്വേഷണത്തിന് അദ്ദേഹത്തിന് താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയനായ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും തൽസ്ഥാനത്ത് ഇരിക്കെ ഇവർക്ക് കീഴിലുള്ള ഉദ്യോഗസ്ഥർ അടങ്ങിയ സംഘത്തിന് അന്വേഷണ ചുമതല നൽകിയത് സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

Exit mobile version