ഇന്ദ്രജിത്ത് സുകുമാരൻ ബോളിവുഡിലേക്ക്; അനുരാഗ് കശ്യപിന്റെ ചിത്രത്തിൽ അരങ്ങേറ്റം

Anurag Kashyap-Indrajith Sukumaran Bollwood movie

നടൻ ഇന്ദ്രജിത്ത് സുകുമാരൻ ബോളിവുഡിലേക്ക്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് ഇന്ദ്രജിത്ത് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്. അനുരാഗ് കശ്യപിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ഇന്ദ്രജിത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംവിധായകനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിലെ സന്തോഷവും ഇന്ദ്രജിത്ത് പങ്കുവയ്ക്കുന്നു.

‘എൻ്റെ ആദ്യ ഹിന്ദി ഫീച്ചർ ഫിലിമിൽ അനുരാഗ് കശ്യപിനെപ്പോലെ പ്രഗത്ഭനായ സംവിധായകനോനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. നിങ്ങളുടെ നിർമാണത്തിലൊരുങ്ങിയ ചിത്രത്തിലെ ഞങ്ങളുടെ അഭിനയം കാണാനുള്ള ആകാംക്ഷയിലാണ്, നല്ല നാളുകൾക്കായി ആശംസകൾ നേരുന്നു’ ഇന്ദ്രജിത്ത് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

ഇന്ദ്രജിത്തിൻ്റെ പോസ്റ്റിന് മറുപടിയുമായി അനുരാ​ഗ് കശ്യപും രം​ഗത്തെത്തി. ‘നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് തികച്ചും സന്തോഷകരമായിരുന്നു. ഈ ചിത്രത്തിൽ പ്രവർത്തിച്ചതിന് നന്ദി, ഇത് ഒരു തുടക്കം മാത്രമാണ്. ഹിന്ദി സിനിമാ വ്യവസായത്തിൽ അഭിനയിക്കുന്ന ഒട്ടുമിക്ക അഭിനേതാക്കളെക്കാളും നന്നായി നിങ്ങൾ ഹിന്ദി സംസാരിക്കും. ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയായിരുന്നു. ജീവിതകാലം മുഴുവൻ നിങ്ങൾ എൻ്റെ ഇളയ സഹോദരനാണ് ‘ അനുരാ​ഗ് കശ്യപ് മറുപടി കുറിച്ചത് ഇങ്ങനെ.

ഇന്ദ്രജിത്ത് സുകുമാരൻ തൻ്റെ ബോളിവുഡ് അരങ്ങേറ്റം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ചിത്രത്തിൻ്റെ മറ്റ് വിശദാംശങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

Exit mobile version