4ജിയും ഗുണമേന്മയും ബിഎസ്എൻഎലിനെ ലാഭത്തിലാക്കും: കേന്ദ്രമന്ത്രി

jyotiraditya scindia about bsnl 4G

4ജി സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെയും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിലൂടെയും ബിഎസ്എൻഎലിനെ ലാഭകരമാക്കി മാറ്റാൻ സാധിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടു. 4ജി എത്തിയാലും കമ്പനി ലാഭകരമാകണമെങ്കിൽ മികച്ച നിർവഹണം, മെച്ചപ്പെട്ട നിലവാരത്തിലുള്ള സേവനങ്ങൾ, ഉപഭോക്താക്കളുടെ സംതൃപ്തി, റേറ്റിങ് എന്നിവ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇവയെല്ലാം സാധിച്ചാൽ അപ്പോൾ മുതൽ ലാഭം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കിൽ രാജ്യം തദ്ദേശീയമായി സാങ്കേതിക വിദ്യകൾ വികസിപ്പിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. 4ജി സാങ്കേതിക വിദ്യ ഇന്ത്യ സ്വന്തമായി വികസിപ്പിച്ചു. അതുവഴി സ്വന്തം 4ജി സ്റ്റാക്കുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

ബിഎസ്എൻഎലിന്റെ 4ജി സ്റ്റാക്ക് വികസിപ്പിക്കാനുള്ള നടപടികളിലാണ് ഞങ്ങൾ. അത് കഠിനമായ ജോലിയാണ്. അത് സാധ്യമാക്കാൻ ഒരു ലക്ഷ്യത്തോടെയും ഒരു കാഴ്ചപ്പാടോടെയും ഒരുമിച്ച് പ്രവർത്തിച്ച എല്ലാ സംഘടനകളെയും അഭിനന്ദിക്കേണ്ടതുണ്ട്. സാങ്കേതിക വിദ്യകൾ മികവ് തെളിയിക്കപ്പെട്ടവയാണെന്നും തങ്ങൾ മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു. ഇതിൽ രാജ്യം പൂർണത കൈവരിക്കണമെങ്കിൽ, രാജ്യത്തുടനീളമുള്ള 10000 ഗ്രാമങ്ങളിലായി 52000 ടവറുകൾ കൂടി സ്ഥാപിക്കേണ്ടതുണ്ടെന്നും അവസാന ഗ്രാമത്തിലേക്ക് വരെ വിവരങ്ങൾ എത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Exit mobile version