മലപ്പുറം: മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിന് മുന്നിൽ പി വി അൻവർ എംഎൽഎ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുന്നു. വലിയ പോസ്റ്റർ ഉൾപ്പെടെ സ്ഥാപിച്ചാണ് ക്യാമ്പ് ഓഫീസിന് മുന്നിൽ എംഎൽഎ കുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എസ്പി ഓഫീസ് പരിസരത്തെ മരം മുറിച്ചുമാറ്റിയത് പരിശോധിക്കാനെത്തിയ എംഎൽഎയെ സിപിഒ തടഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മുന്നിൽ പി വി അൻവർ കുത്തിയിരിപ്പ് സമരം നടത്തുന്നത്.
ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക, പാവങ്ങൾക്ക് നിർമ്മിക്കുന്ന സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ലൈഫ് മിഷൻ പദ്ധതി മലപ്പുറം സൂപ്രണ്ട് കരുതികൂട്ടി തടസ്സപ്പെടുത്തുന്നു, അതീവ രഹസ്യമായ പൊലീസിന്റെ വയർലെസ്സ് സന്ദേശം ചോർത്തി പ്രക്ഷേപണം ചെയ്ത മറുനാടൻ മലയാളി ചാനൽ ഉടമ സാജൻ സ്‌കറിയയിൽ നിന്നും രണ്ട് കോടി കൈക്കൂലി വാങ്ങി പ്രതിയെ രക്ഷിച്ച എഡിജിപി എംആർ അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്ത് ജയിലിൽ അടക്കുക, എസ്പിയുടെ ഓഫീസിലെ മരങ്ങൾ മുറിച്ച് കടത്തിയത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കുക എന്നീ കാര്യങ്ങളാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
ഒരു ഭരണപക്ഷ എംഎൽഎ പൊലീസിനെതിരെ കുത്തിയിരിപ്പ് നടത്തുന്നത് എന്നതാണ് വിചിത്രം. എംഎൽഎമാർ എല്ലാവരും എംഎൽഎമാരാണ് അത് ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും, അതുകൊണ്ട് തന്നെ ഉത്തരവാദിത്തം നിറവേറ്റും എന്നാണ് ഇക്കാര്യത്തിൽ പി വി അൻവർ പ്രതികരിച്ചത്. 2021 ൽ എസ് സുജിത്ദാസ് മലപ്പുറം എസ്പി ആയിരിക്കെ ക്യാമ്പ് ഹൗസിൽ നിന്ന് മരങ്ങൾ മുറിച്ചുകടത്തിയെന്നാണ് എംഎൽഎ ആരോപിക്കുന്നത്. മരങ്ങൾ മുറിച്ചത് പരിശോധിക്കാൻ ഇന്നലെയാണ് ക്യാമ്പ് ഹൗസിൽ എംഎൽഎ നേരിട്ടെത്തിയത്. എന്നാൽ പൊലീസ് തടയുകയായിരുന്നു.