കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തം കാരണം കഷ്ടത അനുഭവിക്കുന്നവർക്ക് 10,000 രൂപ അടിയന്തര ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ച് സർക്കാർ. ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കുന്ന നാല് വാർഡുകളിലുള്ളവർക്കാണ് 10,000 രൂപ വിതം ധനസഹായം നൽകുക. തൊഴിലാശ്വാസ സഹായമായി 3,000 രൂപ വീതം കുടുംബത്തിലെ ഒരാൾക്കും ലഭിക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
താത്കാലിക പുനരധിവാസം എന്ന നിലയിൽ മാറി താമസിക്കുന്നവർക്ക് വാടക വീട്ടിൽ താമസിക്കുവാൻ 6000 രൂപ നൽകും. ദുരന്ത ബാധിത വാർഡുകളിലെ എല്ലാവർക്കും സൗജന്യ റേഷൻ ഉറപ്പു വരുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരേയും സർക്കാർ ചേർത്തു പിടിക്കുമെന്ന് മന്ത്രി കെ രാജൻ പ്രതികരിച്ചു.
ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ട വിലങ്ങാട് ഉരുൾപ്പൊട്ടലിൽ വലിയ നാശനഷ്ടമാണ് സംഭവിച്ചത്. 14 വീടുകൾ പൂർണമായും ഒഴുകിപ്പോയി. 112 വീടുകൾ വാസയോഗ്യമല്ലാതായി. നാല് കടകളും നശിച്ചു. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങൾ ഉൾപ്പെടെ തകർന്നതിൽ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം കണക്കാക്കിയിരിക്കുന്നത്.
Discussion about this post