ന്യൂഡൽഹി: പാലക്കാട് ഉൾപ്പെടെ രാജ്യത്ത് പുതിയ 12 ഗ്രീൻഫീൽഡ് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റികൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിച്ചാണ് പുതിയ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റികൾ കേന്ദ്രസർക്കാർ തുടങ്ങുക. പാലക്കാട് ഗ്രീൻഫീൽഡ് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പദ്ധതിക്കായി 3806 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. മൂന്ന് റെയിൽവേ ഇടനാഴികൾക്കും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. ആകെ 28,602 കോടി രൂപയുടെ പദ്ധതികളാണ് ഇപ്പോൾ അംഗീകരിച്ചത്.
12 പുതിയ വ്യവസായ സ്മാർട്ട് സിറ്റികൾക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് വാർത്താ സമ്മേളനത്തിൽ തീരുമാനം പ്രഖ്യാപിച്ചത്. ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടിയുടെ (എൻ.ഐ.ഡി.സി.പി) ഭാഗമായാണ് ഗ്രീൻഫീൽഡ് വ്യവസായ സ്മാർട്ട് സിറ്റികൾ നിർമ്മിക്കുക.
പാലക്കാട് നഗരത്തിൽ നിന്ന് 20 കിലോമീറ്റർ മാറി 1710 ഏക്കർ ഭൂമിയിലാണ് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി സ്ഥാപിക്കുക. 8729 കോടിയുടെ നിക്ഷേപവും 51,000 പേർക്ക് തൊഴിലുമാണ് പ്രതീക്ഷിക്കുന്നത്. റബ്ബർ, പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ, ഔഷധനിർമ്മാണത്തിനായുള്ള രാസവസ്തുക്കൾ, സസ്യോത്പന്നങ്ങൾ, ഫാബ്രിക്കേറ്റഡ് മെറ്റൽ ഉത്പന്നങ്ങൾ, യന്ത്രങ്ങൾ, ഉപകരണങ്ങൾ, ഹൈടെക് വ്യവസായം എന്നീ മേഖലകൾക്കാണ് പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി പ്രാധാന്യം നൽകുക.
ഔഷധനിർമ്മാണത്തിനുള്ള രാസവസ്തുക്കൾക്കും സസ്യോത്പന്നങ്ങൾക്കും പ്രാധാന്യം നൽകുന്ന ഏക വ്യവസായ സ്മാർട്ട് സിറ്റിയാണ് പാലക്കാട് വരുന്നത്. ഇക്കോ ടൂറിസത്തിനുള്ള സാധ്യതയും ഇവിടെയുണ്ട്. റോഡ്, റെയിൽ, വ്യോമ ഗതാഗതമാർഗങ്ങളും കൊച്ചി തുറമുഖവും അധികം അകലെയല്ലാതെയുള്ളതും പാലക്കാടിന് അനുകൂല ഘടകമാണ്.
ഉത്തരാഖണ്ഡിലെ ഖുർപിയ, പഞ്ചാബിലെ രാജ്പുര-പാട്യാല, മഹാരാഷ്ട്രയിലെ ദിഗ്ഗി, ഉത്തർപ്രദേശിലെ ആഗ്ര, പ്രയാഗ് രാജ്, ബീഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാഗ്, ആന്ധ്രാപ്രദേശിയിലെ ഒർവാക്കൽ, കൊപ്പാർത്തി, രാജസ്ഥാനിലെ ജോഥ്പൂർ-പാലി എന്നിവയാണ് പാലക്കാടിനെ കൂടാതെ പ്രഖ്യാപിച്ച മറ്റ് ഗ്രീൻഫീൽഡ് വ്യവസായ സ്മാർട് സിറ്റികൾ. ഇവിടങ്ങളിലെല്ലാമായി ഒന്നരലക്ഷം കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. പ്രത്യക്ഷമായി പത്ത് ലക്ഷം പേർക്കും പരോക്ഷമായി 30 ലക്ഷം പേർക്കുമാണ് തൊഴിലവസരം ലഭ്യമാകുന്നത്.
Palakkad among 12 new industrial cities approved by cabinet.
Discussion about this post