ഗുരുവായൂരമ്പല നടയിൽ സിനിമയുടെ വിജയാഘോഷ ചടങ്ങിൽ തന്റെ പുതിയ മൂന്ന് ചിത്രങ്ങളെ കുറിച്ച് പൃഥ്വിരാജ് വെളിപ്പെടുത്തി. വിപിൻ ദാസ്, നിസാം ബഷീർ, വിഷ്ണു മോഹൻ എന്നിവർക്കൊപ്പമുള്ള സിനിമകളെ കുറിച്ചാണ് നടൻ സംസാരിച്ചത്. കഴിവുള്ള സംവിധായകർ തന്നെ വെച്ച് സിനിമയെടുക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു..
പൃഥ്വിരാജിനൊപ്പം ചെയ്യുന്ന രണ്ടാമത്തെ ചിത്രവും കോമഡി ഴോണറിലുള്ളതാണെന്ന് വിപിൻ ദാസ് നേരത്തെ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരിക്കുന്നു. ഗുരുവായൂരമ്പല നടയിലിന് മുമ്പേ പൃഥ്വിരാജിനോട് പറഞ്ഞ കഥയാണ് ഇതെന്നും സന്തോഷ് ട്രോഫി എന്നാണ് പേരെന്നും അദ്ദേഹം ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. നോബഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് നിർമാണം. സമീർ അബ്ദുൽ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ. റോഷാക്കിനും കെട്ട്യോളാണ് എന്റെ മാലാഖയ്ക്കും ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
അതേസമയം വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നിലവിൽ എംപുരാന്റെ ഷൂട്ടിങ്ങ് പൂർത്തിയാക്കുന്ന തിരക്കിലാണ് പൃഥ്വിരാജ്. അതിനുശേഷമായിരിക്കും ഈ ചിത്രങ്ങൾ ആരംഭിക്കുക.
Discussion about this post