ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍; തീരുമാനമെടുത്തത് കേന്ദ്രസർക്കാർ

ലഡാക്കിൽ പുതിയ 5 ജില്ലകൾ രൂപീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തു. ജമ്മു കശ്മീർ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം വന്നിരിക്കുന്നത്. സൻസ്‌കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നീ 5 പുതിയ ജില്ലകളാണ് രൂപീകരിക്കുക. വികസിതവും സമൃദ്ധവുമായ ലഡാക്ക് എന്ന നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് പിന്തുടർന്നാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.

നിലവിൽ ലേ, കാർഗിൽ എന്നീ രണ്ട് ജില്ലകൾ മാത്രമേ ലഡാക്കിലുള്ളു. അതേസമയം ജമ്മുവിലെ 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിലായി നടക്കും. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ. ജമ്മുവിൽ 74 സീറ്റുകൾ ജനറൽ, ഒമ്പത് സീറ്റുകൾ പട്ടികജാതി വകുപ്പ്, ഏഴ് സീറ്റുകൾ പട്ടിക ജാതി വിഭാഗങ്ങൾക്കുമായാണ് സംവരണം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം 87.09 ലക്ഷം വോട്ടർമാർ ജമ്മുവിലുള്ളത്.

Exit mobile version