നടി രേവതി സമ്പത്തിനെതിരെ പരാതി നൽകി നടൻ സിദ്ദിഖ്. ലൈംഗിക ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ ഡിജിപിക്കാണ് നടൻ പരാതി നൽകിയത്. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നും സിദ്ദിഖ് പരാതിയിൽ പറയുന്നു. രേവതി സമ്പത്തിന്റെ ആരോപണത്തിന് പിന്നാലെ സിദ്ദിഖിന് താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു.
‘അമ്മ’യ്ക്ക് എതിരെ ഒരു ആരോപണം ഉണ്ടായപ്പോൾ താനും അന്തരിച്ച നടി കെപിഎസി ലളിതയും ചേർന്ന് ഒരു വാർത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ നടി തനിയ്ക്ക് എതിരെ ആദ്യ പോസ്റ്റ് ഇട്ടത്. താൻ അഭിനയിച്ച ഒരു സിനിമയുടെ പ്രിവ്യു ഷോയ്ക്ക് എത്തിയപ്പോൾ രേവതിയോട് മോശമായി സംസാരിച്ചു എന്നായിരുന്നു അന്നത്തെ ആരോപണം. പിന്നീട് പലതവണ സോഷ്യൽ മീഡിയകൾ വഴിയും മാധ്യമങ്ങൾ വഴിയും വ്യത്യസ്തമായ ആരോപണങ്ങളാണ് നടി ഉന്നയിച്ചത്.
ചില സമയങ്ങളിൽ താൻ മോശമായി സംസാരിച്ചുവെന്നും പിന്നീട് ബലാത്സംഗം ചെയ്തു എന്നും പറയുകയുണ്ടായെന്ന് സിദ്ദിഖ് പരാതിയിൽ പറയുന്നു. ഒരുഘട്ടത്തിൽ പോക്സോ കേസ് വരുന്ന തരത്തിൽ പ്രായപൂർത്തിയാകുന്നതിന് മുൻപാണ് താൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതെന്നാണ് നടി ആരോപിച്ചത്. ഇത്തരത്തിൽ വ്യത്യസത സമയങ്ങളിൽ വ്യത്യസ്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിലൂടെ ഒരു പ്രത്യേക അജണ്ട ഉണ്ടെന്നാണ് സിദ്ദിഖ് പരാതിയിൽ പറയുന്നത്.
Discussion about this post