തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ഇന്ദ്രൻസ്. ആരോപണങ്ങൾ എല്ലാ കാലത്തും ഉള്ളതാണെന്നും പരാതികളുണ്ടെങ്കിൽ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരത മിഷൻ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷയെഴുതാൻ അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ എത്തിയപ്പോഴായിരുന്നു ഇന്ദ്രൻസിന്റെ റിപ്പോർട്ടിനെ പറ്റിയുള്ള പ്രതികരണം.
രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തിലും ഇന്ദ്രൻസ് പ്രതികരിച്ചു. ആർക്കെതിരെയും എന്തും പറയാമല്ലോ എന്ന് പറഞ്ഞ ഇന്ദ്രൻസ് തനിക്ക് മലയാളി നടികളെ അറിയില്ല, പിന്നല്ലേ ബംഗാളി നടിയെന്നും പറഞ്ഞു. താൻ ആരുടെയും വാതിലിൽ മുട്ടിയിട്ടില്ല. തനിക്ക് കൂടുതലൊന്നും അറിയില്ല. സംസാരിച്ചില്ലെങ്കിൽ മിണ്ടാതെ പോയെന്ന് പറയും. എന്തെങ്കിലുമൊക്കെ പറയണ്ടേ എന്നതുകൊണ്ട് പ്രതികരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണങ്ങളിൽ അന്വേഷിക്കേണ്ടത് സർക്കാരാണല്ലോ എന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.
സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ഇന്നലെയാണ് ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറഞ്ഞിരുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര മാധ്യമങ്ങളോട് വെളിപ്പെടുത്തി.
മലയാള സിനിമ വളരെ ഇഷ്ടമായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. വൈകീട്ട് അണിയറപ്രവർത്തകർക്കായി പാർട്ടിയുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. നിർമാതാവാണ് ക്ഷണിച്ചത്.ഇവിടെ വെച്ച് തൻറെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ കരുതിയത്. റൂമിലെത്തിയതും അദ്ദേഹം കൈയിൽ തൊട്ടു, വളകൾ പിടിച്ചു. അത് വളരെ പ്രയാസമുണ്ടാക്കി. പെട്ടെന്ന് പരിഭ്രമത്തിൽ പ്രതികരിക്കാൻ സാധിച്ചില്ല എന്നും നടി വെളിപ്പെടുത്തി.
Indrans response on Hema Committee Report.
Discussion about this post