ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ, ഫിൻടെക് കമ്പനിയായ പേടിഎമ്മിന്റെ സിനിമ, ഇവന്റ് ടിക്കറ്റിംഗ് ബിസിനസ് സംരംഭം ഏറ്റെടുക്കും. 2048 കോടി രൂപയ്ക്കാണ് ഇടപാട്. ഈ വിഭാഗത്തിന്റെ 100 ശതമാനം ഓഹരികളും സൊമാറ്റോയ്ക്ക് വിൽക്കുമെന്ന് പേടിഎം അറിയിച്ചു.
പേടിഎമ്മിന്റെ വിനോദ ടിക്കറ്റ് ബിസിനസ് ടീമിൽ ജോലി ചെയ്യുന്ന 280 ജീവനക്കാരെയും സൊമാറ്റോയിലേക്ക് മാറ്റാൻ ധാരണയുണ്ട്. അതേ സമയം, സിനിമ ടിക്കറ്റുകൾ, സ്പോർട്സ്, ഇവന്റ് ടിക്കറ്റുകൾ എന്നിവ അടുത്ത 12 മാസത്തേക്ക് പേടിഎം ആപ്പിൽ തുടർന്നും ലഭ്യമാകും. പേടിഎമ്മുമായുള്ള കരാർ ഉറപ്പിച്ചതോടെ ഫുഡ് ഡെലിവറിക്ക് പുറമേ, സിനിമാ ടിക്കറ്റ് ബുക്കിംഗ് , രാജ്യത്തുടനീളമുള്ള വിവിധ പരിപാടികൾക്കായി ഓൺലൈൻ ടിക്കറ്റുകൾ ബുക്ക് ചെയ്യൽ എന്നിവ സൊമാറ്റോ വഴി ചെയ്യുന്നതിന് വഴിയൊരുങ്ങിയിരിക്കുകയാണ്. നിലവിൽ ആകെ 4 വിഭാഗങ്ങളിലായാണ് സൊമാറ്റോക്ക് ബിസിനസുകൾ ഉള്ളത്.
വാർത്ത പുറത്തുവന്നതോടെ പേടിഎം ഓഹരി വില 5 ശതമാനത്തിലധികം ഉയർന്നു. പേടിഎം ഓഹരികൾ 604.45 രൂപയായി ഉയർന്നപ്പോൾ സൊമാറ്റോ 2.71 ശതമാനം ഉയർന്ന് ബിഎസ്ഇയിൽ 267 രൂപയിലെത്തി. പേടിഎം അതിന്റെ സിനിമ , ഇവന്റ് ടിക്കറ്റിംഗ് ബിസിനസിന്റെ കണക്കുകൾ വെവ്വേറെ വെളിപ്പെടുത്തുന്നില്ല, എന്നാൽ 2024 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 1740 കോടി രൂപയുടെ വാർഷിക വിൽപ്പന രേഖപ്പെടുത്തിയതായി കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിൽ ക്രെഡിറ്റ് കാർഡ് മാർക്കറ്റിംഗും ഗിഫ്റ്റ് വൗച്ചറുകളും ഉൾപ്പെടുന്നു.
Discussion about this post