കൊച്ചി: അതിക്രമം കാട്ടിയവരിൽ ഉന്നതർ, നടിമാർക്ക് അത് തുറന്നു പറയാൻ ഭയമെന്നും വ്യക്തമാക്കി ഹേമ കമ്മറ്റി റിപ്പോർട്ട്. മലയാള സിനിമ മേഖലയിലെ പുരുഷാധിപത്യം എത്രത്തോളം ഭയാനകമെന്നാണ് റിപ്പോർട്ടിൻ്റെ ഉള്ളടക്കം വ്യക്തമാക്കുന്നു. സിനിമാ മേഖല പുരുഷാധിപത്യമുള്ളതും ചുഴികൾ നിറഞ്ഞതുമാണ്. നടിമാർക്ക് ഇതെല്ലാം തുറന്നു പറയാൻ ഭയമാണ്. വെളിപ്പെടുത്തലുകളിൽ ഞെട്ടിയെന്നും ഹേമ കമ്മിറ്റി വ്യക്തമാക്കുന്നു. ശുചിമുറി പോലും നിഷേധിക്കുന്ന സാഹചര്യമാണ്. ജീവനെ ഭയന്നാണ് പൊലീസിനെ സമീപിക്കാത്തതെന്ന് നടിമാർ മൊഴി നൽകുന്നു. പ്രതികരിക്കുന്നവർക്ക് രഹസ്യ വിലക്കുണ്ട്. വിധേയപ്പെട്ടില്ലെങ്കിൽ ഭാവി തന്നെ നശിപ്പിക്കും. വഴങ്ങാത്തവരെ കഴിവില്ലെന്നു പറഞ്ഞ് ഒഴിവാക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുമ്പോൾ നടുക്കുന്ന സത്യങ്ങളാണ് പുറത്തുവരുന്നത്. സിനിമാ രംഗത്തുള്ളത് പുറമേയുള്ള തിളക്കം മാത്രമെന്നും താരങ്ങൾ ചന്ദ്രനെപ്പോലെ സുന്ദരന്മാരല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ട്. സഹകരിക്കുന്ന നടിമാർക്ക് പ്രത്യേക കോഡ് പേരുണ്ട്. വഴിവിട്ട കാര്യം ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കും. ആരെയും നിരോധിക്കാൻ ശക്തിയുള്ളവരാണിവർ. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം. പൊലീസ് ഇടപെടാതെ മാറി നിന്നു എന്നാണ് ഒരു നടി നൽകിയ മൊഴി. സിനിമാ മേഖലയിൽ നടക്കുന്ന എല്ലാ മോശം സംഭവങ്ങളെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post