പാരിസ് ഒളിംപിക്‌സിന് ശേഷം ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ത്യയിൽ മടങ്ങിയെത്തി. ഒളിംപിക്‌സിൽ അയോഗ്യയാക്കപ്പെട്ട് രാജ്യത്തിന്റെ നോവായി മാറിയ താരത്തിന് വൈകാരികമായ സ്വീകരണമാണ് ഡൽഹി വിമാനത്താവളത്തിൽ ലഭിച്ചത്. സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ എന്നീ സഹതാരങ്ങളടക്കം നിരവധി പേരാണ് വിനേഷിനെ സ്വീകരിക്കാനെത്തിയത്. സ്വീകരണത്തിൽ വികാരാധീനയായ വിനേഷ് എല്ലാവരോടും നന്ദി പറഞ്ഞു.
ഇന്ന് രാവിലെ 11 മണിയോടെയാണ് വിനേഷ് ഡൽഹിയിൽ വിമാനമിറങ്ങിയത്. ഇതിനായി കനത്ത സുരക്ഷയാണ് വിമാനത്താവളത്തിൽ ഒരുക്കിയത്. വിനേഷിനെ സ്വീകരിക്കാൻ ഹരിയാനയിൽ നിന്നുള്ള ആരാധകരും ഗ്രാമവാസികളുമടക്കം നിരവധി പേർ വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു. പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ ആരാധകരെ അഭിവാദ്യം ചെയ്യുന്നിതിനിടെ വിനേഷ് കണ്ണീരണിഞ്ഞു.
തനിക്ക് വെള്ളി മെഡൽ നൽകണമെന്ന വിനേഷിൻ്റെ അപ്പീൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി തള്ളിയിരുന്നു. അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡിനെതിരെ 50 കിലോഗ്രാം വിഭാഗത്തിൽ സ്വർണമെഡൽ പോരാട്ടത്തിന് മണിക്കൂറുകൾ ശേഷിക്കെയായിരുന്നു ശരീരഭാരത്തിൽ 100 ഗ്രാം കൂടുതൽ കാണിച്ചതിനെ തുടർന്ന് വിനേഷ് ഫോഗട്ടിനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കിയത്.
ശേഷം വിനേഷ് ഫോഗട്ട് വിരമിക്കലും പ്രഖ്യാപിച്ചിരുന്നു. റസ്‌ലിങ്ങിനോട് വിടപറയുന്നുവെന്നും ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും വിനേഷ് കുറിച്ചിരുന്നു. ‘നിങ്ങളുടെ സ്വപ്നങ്ങളും എൻ്റെ ധൈര്യവും എല്ലാം തകർന്നെന്നും ഇതിൽ കൂടുതൽ ശക്തി എനിക്കില്ലെ’ന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കിയിരുന്നു.