തിരുവനന്തപുരം∙ വയനാട്ടിലെ ദുരന്തബാധിതര്‍ക്കു സഹായധനം പ്രഖ്യാപിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 6 ലക്ഷം രൂപ ധനസഹായം നല്‍കും.
മന്ത്രിസഭാ യോഗത്തിലാണു ഇതുസംബന്ധിച്ചു തീരുമാനമുണ്ടായത്. 70 ശതമാനം അംഗവൈകല്യം ബാധിച്ചവര്‍ക്കു 75,000 രൂപ നല്‍കും. കാണാതാവരുടെ ആശ്രിതര്‍ക്കു പൊലീസ നടപടി പൂര്‍ത്തിയാക്കി സഹായധനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
40 മുതൽ 60 % വരെ വൈകല്യമുണ്ടായവർക്കും ഗുരുതരമായി പരുക്കേറ്റവർക്കും 50,000 രൂപയും നൽകാനാണു തീരുമാനം. സാധാരണയായി ലഭിക്കുന്ന നഷ്ടപരിഹാരത്തിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു ലഭിക്കുന്ന തുകയാണിത്.
താല്‍ക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി വാടകവീടുകളിലേക്കു മാറുന്നവര്‍ക്കു പ്രതിമാസ വാടകയായി 6000 രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബന്ധുവീടുകളിലേക്കു മാറുന്നവർക്കും ഈ തുക ലഭിക്കും.
ദുരന്തബാധിതർക്കു സൗജന്യതാമസം ഒരുക്കുകയാണു സർക്കാർ ലക്ഷ്യം. സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് അത് വീണ്ടെടുക്കുന്നതിനായി സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post