കരകയറി ഇന്ത്യൻ ഓഹരി സൂചികകൾ; സെൻസെക്സ് 1000 പോയിന്റ് നേട്ടത്തിൽ തുടങ്ങി

ഇന്നലെ വൻ നഷ്ടത്തിലേക്കു കൂപ്പുകുത്തിയ ഇന്ത്യൻ ഓഹരി സൂചികകൾ, ഇന്നു നേട്ടത്തിലേക്ക്. ഇന്നൊരുവേള, വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ ആയിരം പോയിന്റിലധികം തിരികെപ്പിടിച്ച സെൻസെക്സ് വ്യാപാരം ആദ്യ മണിക്കൂർ പിന്നിടുമ്പോഴുള്ളത് 738 പോയിന്റ് (+0.94%) നേട്ടവുമായി 79,497ൽ എത്തി. യുഎസിലെ മാന്ദ്യപ്പേടിയും പലിശഭാരം കൂട്ടിയ ബാങ്ക് ഓഫ് ജപ്പാന്റെ നടപടിയും മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യവുമൊക്കെയാണ് ഇന്നലെ ഇന്ത്യൻ ഓഹരിവിപണിയെ തകർച്ചയിലേക്ക് നയിച്ചത്.

ഇന്ന് നിഫ്റ്റിയും 24,350 പോയിന്റ് വരെ ഉയർന്നു. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 210 പോയിന്റ് (+0.88%) നേട്ടവുമായി 24,666 ലാണ്. ഇന്നലെ കനത്ത നഷ്ടത്തിലേക്കു വീണ യുഎസ്, ഏഷ്യൻ ഓഹരികൾ ഇന്നു നേട്ടത്തിലേറിയതും ഗിഫ്റ്റ് നിഫ്റ്റി 180 പോയിന്റ് കയറിയതും ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്ന സൂചന നൽകിയിരുന്നു. ഇന്നലെ വൻതോതിൽ ഇടിഞ്ഞ ജാപ്പനീസ് ഓഹരി വിപണി ഇന്ന് ഒൻപതു ശതമാനത്തിലധികം തിരിച്ചുകയറുകയും ചെയ്തു. ദക്ഷിണ കൊറിയ മൂന്നും തായ്‌വാൻ നാലും ശതമാനം കയറിയതും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.

ഇന്നലെ ഒറ്റദിവസം നിക്ഷേപകരുടെ ആസ്തിയിൽനിന്നു കൊഴിഞ്ഞത് 15.34 ലക്ഷം കോടി രൂപയാണ്. ഇന്ന് സെൻസെക്സ് നേട്ടം തിരിച്ചുപിടിച്ചതോടെ ആസ്തിയിൽ ഏഴു ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി. യുഎസ് മാന്ദ്യത്തിലേക്കു പോകുന്നെന്ന ഭീതി അനാവശ്യമാണെന്ന വിലയിരുത്തൽ വന്നു കഴിഞ്ഞു. കഴിഞ്ഞമാസം യുഎസിലെ സേവന മേഖലയുടെ പ്രവർത്തനക്ഷമതാ സൂചിക 51.4 ശതമാനത്തിലെത്തി. ഇത് 50 ശതമാനത്തിനു മുകളിലാണെന്നത്, മേഖല ഉണർവിലാണെന്നാണു വ്യക്തമാക്കുന്നുണ്ട്. യുഎസ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ വൈകില്ലെന്ന വിലയിരുത്തലുകളും ഓഹരി വിപണികളെ നേട്ടത്തിലേക്ക് ഉയർത്തി.

നിഫ്റ്റി 50ൽ ഇന്ന് 39 ഓഹരികൾ നേട്ടത്തിലും 11 എണ്ണം നഷ്ടത്തിലുമാണ്. വിശാല വിപണിയിൽ നിഫ്റ്റി ധനകാര്യ സേവനം, സ്വകാര്യബാങ്ക് എന്നിവ നേരിയ നഷ്ടത്തിലാണെന്നത് ഒഴിച്ചുനിർത്തിയാൽ മറ്റ് ഓഹരി വിഭാഗങ്ങളെല്ലാം നേട്ടത്തിലാണ്. നിഫ്റ്റി ഓട്ടോ, ഐടി, മീഡിയ, മെറ്റൽ, ഫാർമ, പൊതുമേഖലാ ബാങ്ക്, റിയൽറ്റി, ഓയിൽ ആൻഡ് ഗ്യാസ് എന്നിങ്ങനെ ഇന്നലെ വിൽപനസമ്മർദത്തിൽ മുങ്ങിയ സൂചികകളെല്ലാം ഇന്ന് 0.5 മുതൽ 2 ശതമാനം വരെ നേട്ടത്തിലായിട്ടുണ്ട്.

Exit mobile version