ആഗോള രാഷ്ട്രീയ സാഹചര്യം, ഓഹരി വിപണികളിലെ തകർച്ച, വിദേശ നിക്ഷേപകരുടെ പുറത്തേക്കുള്ള ഒഴുക്ക്. എല്ലാം കൂടി ഒരുമിച്ചപ്പോൾ തകർന്നടിഞ്ഞ് രൂപ. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തിയിരിക്കുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 83 രൂപ 80 പൈസയിലേക്ക് താഴ്ന്നു. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് വിപണിയിൽ ഡോളറിന് 83.78 എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം ഇന്ന് ആരംഭിച്ചത്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വെള്ളിയാഴ്ച 83.72 എന്ന നിലയിലായിരുന്നു. ഓഹരി വിപണിയിലെ കനത്ത തകർച്ചയാണ് രൂപയുടെ വീഴ്ച്ചയ്ക്ക് ആക്കംകൂട്ടിയത്.
സെൻസെക്സ് ഇന്ന് ആയിരത്തിലേറെ പോയിൻറാണ് തകർന്നത്. അമേരിക്കയിലെ സാമ്പത്തിക സാഹചര്യം അനുകൂലമല്ലാത്തതിനാൽ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ആളുകൾ നിക്ഷേപം മാറ്റുന്നുണ്ട്. ഇതോടെ വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്നുള്ള നിക്ഷേപവും വിറ്റഴിക്കാൻ തുടങ്ങി. വെള്ളിയാഴ്ച മാത്രം വിദേശ നിക്ഷേപക സ്ഥാപനങ്ങൾ പിൻവലിച്ചത് 3310 കോടി രൂപയുടെ നിക്ഷേപമാണെന്നാണ് കണക്ക്.
അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് വർധിച്ചതായുള്ള കണക്കുകളാണ് ആശങ്ക സൃഷ്ടിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് തൊഴിലില്ലായ്മ. ഇതിന് പുറമേ ഉൽപാദന വളർച്ച കുറഞ്ഞതും രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങുകയാണോ എന്ന സംശയം ഉയർത്താൻ കാരണമായി. ഇതോടെ ഡോളർ സൂചിക താഴ്ന്നു. എന്നിട്ടുപോലും രൂപയ്ക്ക് പിടിച്ചുനിൽക്കാനായില്ല. ആറ് പ്രധാന കറൻസികളുമായി മൂല്യം അളക്കുന്ന ഡോളർ സൂചിക 0.24 ശതമാനം ഇടിഞ്ഞ് 102.95ൽ എത്തി.ഇതിനെല്ലാം പുറമേ ഇസ്രയേൽ – ഇറാൻ സംഘർഷം മൂർച്ചിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇതും ഓഹരിവിപണികൾക്കും രൂപയ്ക്കും തിരിച്ചടിയായി കരുതുന്നു.
Discussion about this post