വയനാട്ടിൽ നാലാം ദിവസം രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ ദുരന്തഭൂമിക്ക് സമീപത്തുളള വീട്ടിൽ ഒറ്റപ്പെട്ട നിലയിൽ താമസിക്കുകയായിരുന്ന നാല് പേരെ സൈന്യവും ഫയർഫോഴ്സും അടങ്ങുന്ന രക്ഷാസംഘം രക്ഷപ്പെടുത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ വീട്ടിൽനിന്ന് കണ്ടെത്തിയത്. കാഞ്ഞിരക്കത്തോട്ട് ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരാണെയാണ് രക്ഷപ്പെടുത്തിയത്. സംഘത്തിലെ സ്ത്രീയുടെ കാലിന് പരിക്കേറ്റ നിലയിലാണെന്നും സൈന്യം അറിയിച്ചു.
നാലാം ദിവസമായ ഇന്ന് മുണ്ടക്കൈ, ചൂരൽമല മേഖലയിൽ 6 സോണുകളായി തിരിച്ച് 40 ടീമുകളാണ് ഇന്നത്തെ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ ഈ ടീമിന്റെ തെരച്ചിലിലാണ് നാല് പേരെയും കണ്ടെത്തിയത്. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. സൈന്യം, എൻഡിആർഎഫ്, ഡി എസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുന്നത്.