മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട പ്രശ്‌നം രാഹുല്‍ സഭയിൽ ഉന്നയിച്ചിട്ടില്ല: തേജസ്വി സൂര്യ

വയനാട് എം.പിയായിരുന്ന രാഹുല്‍ ഗാന്ധിയ്‌ക്കെതിരേ രൂക്ഷ വിമർശനവുമായി കര്‍ണാടക ബി.ജെ.പി എംപി തേജസ്വി സൂര്യ.

വയനാട്ടിലെ എംപിയായിരുന്ന രാഹുല്‍ ഗാന്ധി ഒരു തവണപോലും മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടില്ലെന്ന് തേജസ്വി പറഞ്ഞു.

2021-ല്‍ നിയമസഭയില്‍ മതസംഘടനകളില്‍ നിന്ന് സമ്മര്‍ദ്ദമുള്ളതിനാലാണ് അനധികൃത കയ്യേറ്റങ്ങള്‍ തടയാനാവാത്തതെന്ന് വനം മന്ത്രിയായിരുന്ന കെ രാജു സമ്മതിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി വയനാട്ടിലെ എംപിയായതിന് ശേഷമുള്ള കഴിഞ്ഞ 1800-ദിവസത്തില്‍ ഒരു തവണ പോലും മണ്ണിടിച്ചിലും പ്രളയവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നവും നിയമസഭയിലോ പാര്‍ലമെന്റിലോ ഉയര്‍ത്തിയിട്ടില്ല.

2020-ല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വയനാട്ടില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് 4000 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇന്നുവരെ ഒരു നടപടിയും എടുത്തിട്ടില്ല. വയനാട്ടിലെ എം.പി ഈ പ്രശ്‌നം ഉന്നയിച്ചിട്ടുമില്ല, തേജസ്വി പറഞ്ഞു.

അതേസമയം വയനാട്ടിലെ ജനങ്ങളെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും അവരെ സഹായിക്കാന്‍ എല്ലാ കാര്യങ്ങളും ചെയ്യണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നതായി ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

Exit mobile version