കണ്ണൂർ കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; മഴ തുടരുന്നു

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തം. ഇതേതുടർന്ന് കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ നാല് പേർ മരിച്ചു. കണ്ണൂർ ചൊക്ലി ഒളവിലം വെള്ളകെട്ടിൽ വീണ് ഒരാൾ മരിച്ചു. മേക്കരവീട്ടിൽതാഴെ കുനിയിൽ കെ ചന്ദ്രശേഖരൻ (63) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വെള്ളക്കെട്ടിൽ വീണ് കണ്ണൂർ മട്ടന്നൂർ കോളാരിയിൽ കുഞ്ഞാമിന (51) മരിച്ചിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു അപകടം. കോഴിക്കോട് മലയോരത്ത് ശക്തമായ മഴ തുടരുകയാണ്.

മലപ്പുറം എടവണ്ണപ്പാറയിൽ ബസ്സിന് മുന്നിൽ മരം കടപുഴകി വീണു. അപകടത്തിൽ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു. മുക്കം അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചു നീക്കി. കാടമ്പുഴയിൽ വീടിന് മുകളിലേക്ക് മരം വീണു. കുന്നുമ്മൽ താമരകുഴിയിൽ വാഹനത്തിന് മുകളിലേക്കും മരം വീണു. രാവിലെ 08.45 ഓടെ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് മുകളിലാണ് മരം വീണത്. വാഹനത്തിൽ കുടിങ്ങിയ രണ്ട് പേരെയും അര മണിക്കൂറിലധികം സമയം എടുത്താണ് അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെ ഉണ്ടായിരുന്നയാളെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര കൊട്ടേക്കാട് വീട് തകർന്ന് അമ്മയും മകനും മരിച്ചു. കൊടക്കുന്ന് വീട്ടിൽ സുലോചന(53), മകൻ രഞ്ജിത്(32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പ്രദേശത്ത് കനത്ത മഴയായിരുന്നു. തുടർന്ന് വീടിന്റെ ചുവര് ഇടിഞ്ഞുവീഴുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്. വടക്കഞ്ചേരി ഫയർഫോഴ്‌സ് യൂണിറ്റും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Exit mobile version