പി എസ് സി കോഴ വിവാദത്തിൽ ആരോപണ വിധേയനായ ടൗൺ ഏരിയ കമ്മറ്റിയംഗം പ്രമോദ് കോട്ടൂളിയെ പുറത്താക്കാൻ സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. ഏരിയ കമ്മിറ്റിയിൽ തീരുമാനം റിപ്പോർട്ട് ചെയ്യും. ഏരിയ കമ്മിറ്റിയിലായിരിക്കും പുറത്താക്കൽ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. വിഷയത്തിൽ സംസ്ഥാന കമ്മിറ്റിക്കുള്ള അതൃപ്തി യോഗത്തിൽ രേഖപ്പെടുത്തി. ജില്ലാ കമ്മിറ്റിക്ക് വീഴ്ചപറ്റിയെന്നും പൊതു അഭിപ്രായമുണ്ട്.
പി എസ് സി കോഴ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രമോദ് കോട്ടൂളി ജില്ലാ കമ്മറ്റി ഓഫീസിലെത്തി വിശദീകരണം നൽകിയിരുന്നു. ഇതു പരിശോധിച്ചാണ് ജില്ലാ കമ്മിറ്റിയുടെ നടപടി. പ്രമോദിനെതിരെ നടപടി എടുത്തില്ലെങ്കിൽ പ്രതിഷേധിക്കുമെന്ന സൂചനയാണ് ഒരു വിഭാഗം ഏരിയ കമ്മിറ്റിയംഗങ്ങൾ നേരത്തെ ജില്ലാ കമ്മിറ്റിയെ അറിയിച്ചത്. അതേസമയം തനിക്കൊന്നും ഒളിച്ച് വെക്കാനില്ലെന്നും എല്ലാം പാർട്ടിക്ക് അന്വേഷിക്കാമെന്നുമുള്ള നിലപാടിലാണ് പ്രമോദ്. എന്നാൽ നടപടിയെടുത്താൽ പ്രമോദ് കൂടുതൽ ഗുരുതരമായ എന്തെങ്കിലും വെളിപ്പെടുത്തുമോയെന്ന ആശങ്കയും പാർട്ടിക്കുണ്ട്.
പ്രമോദിനെ പുറത്താക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ജില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ സസ്‌പെൻഷനോ തരംതാഴ്ത്തലോ മതിയെന്ന നിലപാടിലായിരുന്നു എതിർപക്ഷം. ജില്ലാ കമ്മിറ്റിക്ക് ശേഷം നടക്കുന്ന ഏരിയ കമ്മിറ്റി യോഗത്തിൽ പ്രമോദ് കോട്ടൂളി പങ്കെടുക്കും. അതിനിടെ ഇന്ന് ഉച്ചക്ക് ചേരുന്ന ടൗൺ ഏരിയ കമ്മറ്റി യോഗം ഏരിയ സെക്രട്ടറി പ്രമോദിനെ അറിയിച്ചിട്ടില്ലെന്നാണ് വിവരം.