കേരളത്തിൽ സ്വർണ വില ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഉയർന്നു. ഗ്രാമിന് 65 രൂപ വർധിച്ച് 6,765 രൂപയിലെത്തി. അതേസമയം പവൻ വില 520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 54,120 രൂപയുമായി. ഒന്നര മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സ്വർണ വില വീണ്ടും 54,000 രൂപ കടക്കുന്നത്. മേയ് 22ന് 54,640 രൂപയിലായിരുന്ന സ്വർണ വില പിന്നീട് താഴേക്ക് നീങ്ങുകയായിരുന്നു. വിവാഹ ആവശ്യത്തിനായി സ്വർണ വാങ്ങേണ്ടവരെയും കച്ചവടക്കാരെയും ഒരുപോലെ ആശങ്കയിലാക്കിയാണ് സ്വർണത്തിന്റെ മുന്നേറ്റം. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും 55 രൂപ വർധിച്ച് 5,620 രൂപയിലെത്തി. വെള്ളി വിലയിലും ഇന്ന് വർധനയുണ്ടായിട്ടുണ്ട്. വെള്ളി ഗ്രാമിന് ഒരു രൂപ വർധിച്ച് 98 രൂപയായി.
ജൂലൈയിൽ വെറും ആറ് ദിവസം കൊണ്ട് 1,120 രൂപയാണ് പവൻ വിലയിൽ വർധിച്ചത്. കേരളത്തിൽ ഇക്കഴിഞ്ഞ മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയാണ് ഏക്കാലത്തെയും ഉയർന്ന വില. അന്താരാഷ്ട്ര വിലയ്‌ക്കൊപ്പമാണ് കേരളത്തിലും സ്വർണ വില കുതിച്ചുയർന്നത്. യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചേക്കാമെന്ന പ്രതീക്ഷകളും യു.എസ് ഡോളർ നിരക്കുകൾ ദുർബലമായതും അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഔൺസിന് ആറ് ആഴ്ചയിലെ ഉയർന്ന നിലവാരമായ 2,391 ഡോളറിലെത്തിച്ചു.
Discussion about this post