ലണ്ടൻ: ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിലേക്ക്. ഭൂരിപക്ഷമായ 326 എന്ന മാന്ത്രിക സംഖ്യ കടന്ന് അവർ ചരിത്രപരമായ കുതിപ്പ് തുടരുകയാണ്. ഇതോടെ കെയർ സ്‌റ്റാർമർ അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ഋഷി സുനക്കിന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടിയുടെ 14 വർഷത്തെ ഭരണം അവസാനിപ്പിച്ചാണ് യുകെ പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ മുന്നേറ്റം.
യുകെ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഋഷി സുനാക്ക് പരാജയം സമ്മതിച്ചതിന് തൊട്ടുപിന്നാലെ, ലേബർ പാർട്ടി നേതാവും അടുത്ത പ്രധാനമന്ത്രിയുമായ കെയർ സ്‌റ്റാർമർ രാജ്യത്തെ അഭിസംബോധന ചെയ്‌തു സംസാരിച്ചു, മാറ്റത്തിനും ദേശീയ നവീകരണത്തിനും ആഹ്വാനം ചെയ്‌തു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
തങ്ങളുടെ ചുമതല ഈ രാജ്യത്തെ ഒന്നിച്ചുനിർത്തുന്ന ആശയങ്ങൾക്ക് ഒപ്പം നിൽക്കുക എന്നതാണെന്ന് സ്റ്റാർമർ പറഞ്ഞു. “നമുക്ക് രാഷ്ട്രീയത്തെ പൊതുസേവനത്തിലേക്ക് തിരികെ കൊണ്ടുവരണം, രാഷ്ട്രീയം നന്മയുടെ ശക്തിയാകുമെന്ന് ബോധ്യപ്പെടുത്തണം. ഒരു തെറ്റും ചെയ്യാതിരിക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ രാഷ്ട്രീയത്തിനുള്ള ഏറ്റവും വലിയ പരീക്ഷണം. വിശ്വാസത്തിനായുള്ള പോരാട്ടമാണ് നമ്മുടെ പ്രായത്തെ നിർവചിക്കുന്ന പോരാട്ടം.” അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയുടെ വൻ പരാജയത്തിന് ഇടയിലും ഋഷി സുനാക്കിന് ആശ്വസിക്കാൻ വകയുണ്ടെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമാവുന്ന ചില റിപ്പോർട്ടുകൾ. ലേബർ പാർട്ടിക്ക് അനുകൂലമായ തരംഗത്തിന് ഇടയിലും അദ്ദേഹം തന്റെ റിച്ച്മണ്ട് നോർത്തല്ലെർട്ടൺ സീറ്റ് നിലനിർത്തി. എന്നാൽ നിലവിലെ സാഹചര്യത്തിൽ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത സുനാക്കിനെ കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിൽ നിന്ന് മാറ്റി നിർത്താനാണ് സാധ്യത.
650 അംഗ പാർലമെന്റിൽ 326 സീറ്റുകളാണ് സർക്കാർ രൂപീകരിക്കാൻ ആവശ്യമായി വരുന്നത്. ഈ കടമ്പയും കടന്നതോടെ ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരമേൽക്കുമെന്ന് ഉറപ്പാണ്. കൺസർവേറ്റീവ് പാർട്ടിക്ക് ആകെ 92 സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളു. ലിബറൽ ഡെമോക്രാറ്റുകൾ 52 സീറ്റുകൾ നേടിയപ്പോൾ സ്കോട്ടിഷ് നാഷണൽ പാർട്ടി ഏഴ് സീറ്റുകൾ നേടി. ബ്രെക്‌സിറ്റ് ചാമ്പ്യൻ നൈജൽ ഫാരേജിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ പരിഷ്‌കരണ പാർട്ടി നാല് മണ്ഡലങ്ങളിൽ വിജയിച്ചു.