രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെറുകിട സംരംഭങ്ങൾക്കായി വെബ് അധിഷ്ഠിത ഡിജിറ്റൽ ബിസിനസ് വായ്പയായ എം.എസ്.എം.ഇ സഹജ് അവതരിപ്പിച്ചു. സംരംഭങ്ങളുടെ വിവരങ്ങൾ വിലയിരുത്തി 15 മിനിറ്റിനുള്ളിൽ ഇൻവോയ്‌സ് ഫിനാൻസിംഗ് ലഭ്യമാക്കുന്ന പദ്ധതിയാണിത്. വായ്പ അപേക്ഷ, ഡോക്യുമെന്റേഷൻ, വായ്പ അനുവദിക്കൽ, വിതരണം തുടങ്ങിയവയെല്ലാം ഡിജിറ്റലായാണ് നടക്കുക. വായ്പ അവസാനിപ്പിക്കുന്നതും ഓട്ടോമേറ്റഡ് രീതിയിലാണ്. നേരിട്ട് ബാങ്കിൽ എത്തേണ്ട ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
ജി.എസ്.ടി ഇൻവോയ്‌സിന്റെ അടിസ്ഥാനത്തിൽ ബാങ്കിന്റെ ഉപയോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. നൂതന സാങ്കേതിക വിദ്യയായ മെഷീൻ ലേണിംഗ് അടിസ്ഥാനമാക്കിയുള്ള ഈ പുതിയ പദ്ധതി വഴി ജി.എസ്.ടി.ഐ.എൻ ഉപഭോക്താവിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, സി.ഐ.സി ഡേറ്റബേസ് തുടങ്ങിയവ വിലയിരുത്തിയാണ് വായ്പ അനുവദിക്കുന്നത്. ജി.എസ്.ടിയുടെ കീഴിലുള്ള സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്ക് ഹ്രസ്വകാലത്തേക്ക് മൂലധനം ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ഉത്പന്നമാണിത്. നിലവിലുള്ള എസ്.ബി.ഐ ഉപയോക്താക്കൾക്ക് യോനോ ആപ്പ് വഴി ഈ സേവനം ലഭിക്കുന്നതാണ്.
SBI launches 15-minute online loan solution for small businesses.
Discussion about this post